മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് മോഷണം തന്നെയെന്ന് വ്യക്തം: ഞായറാഴ്ച പോസ്റ്റ്മോർട്ടം

മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് മോഷണം തന്നെയെന്ന് വ്യക്തം: ഞായറാഴ്ച പോസ്റ്റ്മോർട്ടം

ക്രൈം ഡെസ്ക്

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ ലോട്ടറി വിൽപ്പനക്കാരിയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഞായറാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തോടെ മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിക്കു. പണത്തിനായി ഇവരെ കൊലപ്പെടുത്തിയത് തന്നെയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും പൊന്നമ്മയുടെ മകൾ സൗമ്യ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് പൊന്നമ്മയാണ് എന്ന് ഏകദേശ ധാരണ ലഭിച്ചത്. ഞായറാഴ്ച രാവിലെ തന്നെ പൊന്നമ്മയുടെ ഡി.എൻ.എ പരിശോധനയ്ക്കുള്ള നടപടികൾ പൊലീസ് ആരംഭിക്കും. തുടർന്ന് മകൾ സൗമയുടെ രക്ത സാമ്പിളുകളും പൊലീസ് സംഘം ശേഖരിച്ച് പരിശോധനാ വിധേയമാക്കും.
മൃതദേഹത്തിന് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ സൂചന. എന്നാൽ , ഈ പരിക്കുകൾ മരണ കാരണമായോ എന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ വ്യക്തമാവു. മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ വസ്ത്രങ്ങൾ മാറികിടന്നിരുന്നു. ഇത് ബലപ്രയോഗത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ലോട്ടറി വിൽപ്പനക്കാരിയായ ഇവരുടെ കയ്യിൽ പണമുണ്ട് എന്ന് അറിയുന്ന ആരെങ്കിലുമാവാം മോഷണത്തിന് പിന്നിൽ എന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഇത്തരക്കാരെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ലോട്ടറി വിൽപ്പന നടത്തുന്ന ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ്  രാത്രിയിൽ കിടക്കുന്നത്. ഇവർ കിടക്കുന്ന സ്ഥലം അറിയുന്ന ഇവരെ പരിചയമുള്ള ആൾ തന്നെയാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ചും മരണ കാരണം സംബന്ധിച്ചും വ്യക്തമായ ചിത്രം ലഭിക്കും. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ അനുപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.