കാലവർഷം കനത്തു : സംസ്ഥാനത്ത് നാല് ഡാമുകൾ തുറന്നു ; കൂടുതൽ അണക്കെട്ടുകൾ ഉടൻ തുറക്കും , കനത്ത ജാഗ്രത നിർദേശം

കാലവർഷം കനത്തു : സംസ്ഥാനത്ത് നാല് ഡാമുകൾ തുറന്നു ; കൂടുതൽ അണക്കെട്ടുകൾ ഉടൻ തുറക്കും , കനത്ത ജാഗ്രത നിർദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഡാമുകൾ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാർക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്. അതേസമയം തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒൻപത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. തുറന്ന ഡാമുകളെല്ലാം താരതമ്യേന ചെറിയ അണക്കെട്ടുകളുടെ വിഭാഗത്തിൽ പെടുന്നവയാണ്.

അതേസമയം സംസ്ഥാനത്താകെ മഴ കനക്കുകയാണ്. അറബിക്കടലിൽ നിന്നുമുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശി തുടങ്ങിയതാണ് ദുർബലമായിരുന്ന മഴ കണക്കാൻ കാരണമായത്. തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം വടക്കൻ കേരളത്തിൽ ഞായർ വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ശക്തമായ മഴ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് 40 സെന്റിമീറ്റർവരെ മഴ ലഭിക്കാനാണ് സാധ്യത. മഴമൂലം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 106 കുടുംബങ്ങളിൽ നിന്നായി 437 പേർ എത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കാലവർഷത്തിന് കനം വച്ചതോടെ മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി. തീരമേഖലയിൽ കടലാക്രമണവും രൂക്ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂർ തലശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയും മരണമടഞ്ഞു.കോട്ടയത്ത് മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്. കാസർകോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിലവിൽ റെഡ് അലെർട്ട് തുടരുകയാണ്.