മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം; ബുധനാഴ്ച തിരുവല്ല മുതല്‍ തെരച്ചില്‍
സ്വന്തം ലേഖകൻ
മണിമല: ആറ്റിലേക്ക് ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശ് കങ്ങഴയ്ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലമായി. വെളിച്ചം നഷ്ടമായതോടെ വൈകുന്നേരം ആറുമണിയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയ്ക്കു പുറമെ കോട്ടയത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ദരും പൂഞ്ഞാര്‍ നന്മക്കൂട്ടം പ്രവര്‍ത്തകരും മണിമലയാറ്റില്‍ ചൊവ്വാഴ്ച മുഴുവന്‍ തെരച്ചില്‍ നടത്തിയിരുന്നു. രാവിലെയെത്തിയ നന്മക്കൂട്ടത്തിലെ പരിശീലനം ലഭിച്ച മുപ്പതോളം പ്രവര്‍ത്തകര്‍ വൈകുന്നേരം അഞ്ചു മണിയോടെ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി.
തുടര്‍ന്ന്, ആലപ്പുഴയില്‍ നിന്നുള്ള നാല്പതംഗ സംഘവും മണിമലയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച കോട്ടയത്തു നിന്നുള്ള സംഘം തിരുവല്ല – മണിമല ഭാഗത്തേക്ക് മണിമലയാറില്‍ തെരച്ചില്‍ നടത്തും. തെരച്ചില്‍ സുഗമമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങളും ഉപകരണങ്ങളും ബുധനാഴ്ച മണിമലയിലെത്തും. ചൊവ്വാഴ്ച ചങ്ങനാശ്ശേരി തഹസില്‍ദാര്‍ പ്രീത പ്രതാപിന്റെ നേതൃത്വത്തില്‍ മണിമലയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ് കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കുള്ളതും ജലനിരപ്പുയര്‍ന്നതും തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. നാളെ കൂടുതല്‍ സംവിധാനങ്ങളെത്തുന്നതോടെ പ്രകാശിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കാമെന്ന പ്രതീക്ഷയിലാണ് പോലീസും നാട്ടുകാരും.