
സ്വന്തം ലേഖകൻ
നിലമ്പൂർ: മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കൺമുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടിൽ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകൾ നിഷാമോൾ (32) ആണ് വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനിൽ കീഴടങ്ങി. വിദ്യാർഥികളായ മക്കൾ ഷാൻഷാജി, നേഹ, ഹെനൻ, ഹെന്ന എന്നിവരുടെ മുന്നിൽവച്ചാണ് സംഭവം.
ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടർന്ന് നിഷാമോൾ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയിൽ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഒപ്പയുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാർട്ടേഴ്സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസിൽ ഷാജി മൊഴി നൽകി. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാർ നിഷാമോളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും. ഇൻസ്പെക്ടർ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിൽ ഷാജിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. ശാസ്ത്രീയ കുറ്റാന്വേഷകർ തിങ്കളാഴ്ച സംഭവ സ്ഥലത്ത് എത്തി തെളിവെടുക്കും.







