
താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടി മാല പാര്‍വതി. അന്‍സിബയോട് യോജിക്കുന്നുവെന്ന് മാല പാര്‍വതി പറഞ്ഞു. അന്‍സിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് നിലവിലെ തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും മാല പാര്‍വതി പറഞ്ഞു. ‘ശ്വേതയും കുക്കുവും ആദ്യം ഒരുമിച്ചായിരുന്നു. മെമ്മറി കാര്‍ഡിന്റെ പേരിൽ കുക്കുവുമായി പ്രശ്‌നം ഉണ്ടായിരുന്നു. ക്ഷേത്രം- സ്‌പോണ്‍സര്‍ഷിപ്പിനെ അന്‍സിബ എതിര്‍ത്തു. സന്തോഷ് കീഴാറ്റൂരും എതിര്‍ത്തു. ശ്വേതക്ക് പണം വാങ്ങി പ്രോഗ്രാം നന്നായി നടത്തണമെന്നായിരുന്നു ആഗ്രഹം. പ്രസിഡന്റിനെ അറിയിക്കാതെ മീറ്റിങ്ങുകള്‍ നടത്തി എന്ന് ആരോപണമുയര്‍ന്നു അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് വലുതായത്’ എന്നും മാലാ പാര്‍വതി പറഞ്ഞു.
അമ്മയിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഫോണ്‍ എടുക്കാറില്ലെന്നും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്നുവെന്നും മാല പാര്‍വതി പ്രതികരിച്ചു. വിവാദമായ ലക്ഷ്മി പ്രിയയുടെ ശബ്ദസന്ദേശം അപമാനകരമാണെന്നും അന്ന് നടപടി എടുത്തിരുന്നെങ്കില്‍ പ്രശ്‌നം പിന്നീട് വഷളാകില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞത് വൈകാരികമായെന്നും കുക്കു സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ടിനി ടോം പറഞ്ഞത് അന്‍സിബ കേട്ടതാണെന്നും നീനാ കുറുപ്പിന്റെ ഫോണില്‍കൂടിയാണ് കേട്ടതെന്നും മാല പറഞ്ഞു. പ്രേംനസീര്‍ വിഷയത്തില്‍ ടിനി ടോം എയറിലായപ്പോള്‍ പരിഹാരം കണ്ടത് അന്‍സിബയാണെന്നും മാല പാര്‍വതി പറഞ്ഞു.






