
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വിഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.






