വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തി; കോട്ടയം പാമ്പാടിയിൽ  വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര  കമ്മീഷൻ ഉത്തരവിറക്കി

വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തി; കോട്ടയം പാമ്പാടിയിൽ വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിറക്കി

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തിയതിനു വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ ഉത്തരവ്. കോട്ടയം പാമ്ബാടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഡോ. അനില്‍ കുമാര്‍ മകന്‍റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.

വായ്പയ്ക്കായി അസല്‍ ആധാരവും മുന്നാധാരവും ബാങ്കില്‍ ഈടായി നല്‍കി. ലോണ്‍ അടച്ചുതീര്‍ത്തശേഷം വസ്തുവിന്‍റെ ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. 2020 ഡിസംബര്‍ 18നാണ് വിവരം ഡോ. അനില്‍ കുമാറിനെ അറിയിക്കുന്നത്. തുടര്‍ന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കി. തുടര്‍ന്ന് അസല്‍ ആധാരം തിരികെ നല്‍കാത്തതിനെതിരേ ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തില്‍ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്‍റെ കമ്ബോള വിലയില്‍ കുറവു വരുത്താനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ വിലയിരുത്തി. ഈടായി നല്‍കിയ പ്രമാണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐഡിബിഐ ബാങ്കിന്‍റെ ഭാഗത്തുനിന്നുമുണ്ടായ സേവന ന്യൂനതയാണെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ കണ്ടെത്തി.

ഹര്‍ജിക്കാരന് ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഉത്തരവിട്ടു. വി.എസ്. മനുലാല്‍ പ്രസിഡന്‍റും ആര്‍. ബിന്ദു, കെ.എം. ആന്‍റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.