Spread the love

തിരുവനന്തപുരത്ത് മുപ്പത്തിയേഴുകാരിയായ യുവതിയുടെ കണ്ണിൽ നിന്ന് ജീവനുള്ള പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് തമിഴ്‌നാട് സ്വദേശിനിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്‌റ്റൈവയ്ക് അടിയിൽ പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്.

video
play-sharp-fill

ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അസ്ഗർ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കണ്ണിന്‍റെ കാഴ്ചയ്ക്ക് ഒട്ടും തകരാർ സംഭവിക്കാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തു. മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന ‘ഡൈറോ ഫൈലേറിയ’ എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വം സന്ദർഭങ്ങളിൽ ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.