
സ്വന്തം ലേഖിക
കോട്ടയം: ലോക്‌സഭാ സീറ്റില്‍ അവകാശ വാദം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ്. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്ന നിലപാട് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫാണ് പങ്കുവച്ചത്.
കോട്ടയം കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെന്ന് ചൂണ്ടിക്കാണിച്ച മോന്‍സ് ജോസഫ് അന്ന് കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഐക്യ കേരള കോണ്‍ഗ്രസിനായിരുന്നു സീറ്റെന്നും അനുസ്മരിച്ചു. കെ എം മാണി മരണം വരെ യുഡിഎഫിൽ ആയിരുന്നു. പിന്നീട് ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് മാറിയെങ്കിലും ഭൂരിഭാഗം കേരള കോണ്‍ഗ്രസുകാരും യുഡിഎഫില്‍ തുടര്‍ന്നു. കൂടാതെ കേരള കോണ്‍ഗ്രസിന് കോട്ടയത്ത് മേൽകൈയ്യുണ്ടെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫില്‍ ചര്‍ച്ച വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയ മോന്‍സ് ഏതുസീറ്റ് വേണമെന്ന് ആലോചിക്കുമെന്നും സൂചിപ്പിച്ചു. ഇതിനിടെ കോട്ടയത്ത് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് ഉള്‍പ്പെടെ ഏഴുപേര്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. പി ജെ ജോസഫിന് പുറമെ മകന്‍ അപു ജോസഫ്, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, എംപി ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
തൊടുപുഴ നിയമസഭാ സീറ്റ് വിട്ട് കോട്ടയം ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാന്‍ പി ജെ ജോസഫിന് അതീവ താല്‍പര്യമുണ്ട്. ചുവട് മാറ്റത്തിലൂടെ മകനെ സുരക്ഷിതനാക്കാനുള്ള നീക്കം കൂടിയാണ് ജോസഫ് നടത്തുന്നത്. തൊടുപുഴ നിയമസഭാ സീറ്റ് മകന്‍ അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പി സി തോമസും സീററിനായി രംഗത്തുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും സജി മഞ്ഞക്കടമ്ബന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. തര്‍ക്കമുണ്ടായാല്‍ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫിനെ കോട്ടയത്ത് സമവായ സ്ഥാനാര്‍ത്ഥി ആക്കാനും നീക്കമുണ്ട്. അന്തിമ തീരുമാനം പി ജെ ജോസഫിന്റേതായിരിക്കും.









