
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങിനെതിരായ പ്രതിഷേധത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ടു കെഎസ്ഇബി ഉദ്യോഗസ്ഥർ പരാതി നൽകി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസിൽ പരാതി നൽകിയത്.
രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് ബോർഡ് അധികൃതർ കത്ത് നൽകുകയായിരുന്നു.
കറന്റ് പോകുന്നതോടേ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ലോഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിക്കുന്നത്. നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്.
വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.







