
തിരുവനന്തപുരം: വി ഡി സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി.
മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“അടുത്ത അഞ്ച് വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വി ഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു ‘മതജില്ല’ അടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു.
അതെ, കോണ്‍ഗ്രസിന്റെ ഹൈക്കമാൻഡ് ഡല്‍ഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്”.
അതേസമയം സമാന ആരോപണവുമായി എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുസ്ലീം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ മുൻപന്തിയില്‍ നില്ക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സുകുമാരൻ നായർ പ്രതികരിക്കാൻ തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദില്ലിയില്‍ ദിവസങ്ങളോളം നീണ്ട കൂടിയാലോചനയ്ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും അണികളുടെ വികാരവും ഘടകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് പാർട്ടി വി ഡി സതീശനിലേക്ക് എത്തിയത്. അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി കെ സി വേണുഗോപാല്‍ പ്രതികരിച്ചെങ്കിലും രമേശ് ചെന്നിത്തല ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്ന സൂചനയുണ്ട്.







