
തമിഴ്നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി അധികാരത്തിലേറിയ ആദ്യ ദിനങ്ങളിൽ തന്നെ കൈയ്യടി നേടുകയാണ് മുഖ്യമന്ത്രി വിജയ്. ആദ്യം മദ്യശാലകളുടെ കാര്യത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന മുഖ്യമന്ത്രി തൊട്ടുപിന്നാലെ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ കൈയ്യടി നേടിയിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഈ ഉത്തരവ്.
സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തീരുമാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നും വിവരമുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം കണക്കിലെടുത്താണ് ഈ അധിക തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്നാട് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.






