
ആലപ്പുഴ: പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിയില്‍. കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത് 18 പേര്‍. സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞുപോക്ക് ഏരിയാ സമ്മേളനം നടക്കാനിരിക്കെ. സിപിഎമ്മിന്റെ സ്വാധീനമേഖലയില്‍ കരുത്താര്‍ജ്ജിച്ച് സിപിഐ
ഏരിയ സമ്മേളനം നടക്കാനിരിക്കെയാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കം 18 സി.പി.എം അംഗങ്ങളെ പാർട്ടിയില്‍ ചേർത്ത് കൊണ്ട് സി.പി.ഐ ഞെട്ടിച്ചത്.
രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേന്ദ്രകുമാറിൻെറ നേതൃത്വത്തില്‍ സി.പി.എമ്മിനകത്ത് നടന്നുകൊണ്ടിരുന്ന വിമത നീക്കത്തിൻെറ ഭാഗമായി കഴിഞ്ഞ വർഷം 297 പേർ പാർട്ടി വിട്ട് സി.പി.ഐയില്‍ ചേർന്നിരുന്നു.
ഏരിയ സമ്മേളന തലേന്ന് 18 പേർ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേർന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. മുന്നണിയിലെ ഘടകകക്ഷിയും സഹോദര പാർട്ടിയും ആയതിനാല്‍ ഒന്നും പറയാൻ കഴിയാത്ത വിഷമ സന്ധിയിലാണ് സി.പി.എം നേതൃത്വം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ സമ്മേളനത്തിൻെറ ഉദ്ഘാടന വേദിയില്‍ വെച്ച് പാർട്ടി നേതൃത്വം മറുപടി നല്‍കുമെന്നാണ് സി.പി.എം നേതാക്കള്‍ നല്‍കുന്ന വിവരം. സി.പി.എം വിഭാഗീയതയാണ് ഒരു കാലത്ത് സി.പി.എമ്മിൻെറ ശക്തിദുർഗമായിരുന്ന കുട്ടനാട്ടിലെ സി.പി.എമ്മില്‍ പ്രശ്നങ്ങള്‍ക്കും അംഗങ്ങള്‍ പാർട്ടി വിട്ടു പോകുന്നതിനും ഇടയാക്കിയത്.
ജില്ലാ നേതൃത്വവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനും പലതവണ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല. സുസമ്മതനും ആക്ഷേപരഹിതനുമായ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിൻെറ നേതൃത്വത്തില്‍ പാർട്ടി അംഗങ്ങളുടെ ജനറല്‍ ബോഡി വിളിച്ചശേഷമാണ് അല്‍പ്പമെങ്കിലും ശമനം ഉണ്ടായത്.
എന്നാല്‍ ഈ യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുകയായിരുന്നു. വിഭാഗീയമായി പ്രവർത്തിക്കുന്ന ഏരിയാ നേതൃത്വത്തിനെതിരെ മാതൃകാപരമായ നടപടി വേണമെന്നായിരുന്നു വിമതരുടെ ആവശ്യം.
എന്നാല്‍ ജില്ലാ നേതൃത്വം ആവശ്യം അവഗണിച്ചു. ഇതാണ് ഏരിയാ സമ്മേളന തലേന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കമുളളവരെ സി.പി.ഐയില്‍ ചേരാൻ നിർബന്ധിതമാക്കിയതെന്നാണ് പറയപ്പെടുന്നത്. ഏരിയാ-ജില്ലാ സമ്മേളനങ്ങളില്‍ കുട്ടനാട്ടിലെ പാർട്ടിയില്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ വലിയ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
സി.പി.എം വിട്ട് പാർട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കുന്നതിനായി വലിയ പരിപാടിയാണ് സി.പി.ഐ കുട്ടനാട്ടില്‍ സംഘടിപ്പിച്ചത്. നേരിന്റെ പാതയിലേക്ക് കടന്നുവന്ന സഖാക്കള്‍ക്ക് സ്വാഗതം എന്നതായിരുന്നു സ്വീകരണ പരിപാടിയില്‍ കെട്ടിയ ബാനറിലെ വാചകം.
പാർട്ടിയിലേക്ക് വന്നവരെ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് തന്നെ അംഗത്വം നല്‍കി സ്വീകരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഓമന പൊന്നപ്പൻ, സി.പി.എമ്മില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട മുൻ ലോക്കല്‍ കമ്മിറ്റി അംഗം എ.ജെ. കുഞ്ഞുമോൻ, എസ്.എഫ്.ഐ കുട്ടനാട് ഏരിയ മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ മനു മോഹൻ ഉള്‍പ്പെടെ ആകെ 18 പാർട്ടി മെമ്പർമാരാണ് പാർട്ടി വിട്ട് സി.പി.ഐയില്‍ ചേർന്നത്.
സി.പി.എമ്മിൻെറ പ്രദേശത്തെ പ്രമുഖ നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ രാജേന്ദ്രകുമാറാണ് പാർട്ടി കൂടാരത്തില്‍ നിന്ന് ആളുകളെ അടർത്തി സി.പി.ഐയില്‍ എത്തിക്കുന്ന പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര കുമാർ കഴിഞ്ഞ ജൂണില്‍ സി.പി. ഐയില്‍ ചേർന്നിരുന്നു. രാജേന്ദ്ര കുമാറിൻെറ താല്‍പര്യ പ്രകാരം കുട്ടനാട് മണ്ഡലം കമ്മിറ്റി വിഭജിച്ച് കുട്ടനാട്, തകഴി മണ്ഡലം കമ്മിറ്റികളാക്കിയിരുന്നു. നിലവില്‍ സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറിയാണ് രാജേന്ദ്രകുമാർ. സ്വാധീനമേഖലയായ കുട്ടനാട്ടില്‍ സി.പി.ഐ ശക്തിയാർജിക്കുന്നത് സി.പി.എമ്മിന് ക്ഷീണമാണ്.









