Spread the love

കുറുപ്പന്തറ: മാർക്കറ്റിലേക്കാണെങ്കിൽ മൂക്കുപൊത്തിക്കോ .കുറുപ്പന്തറയിൽ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആധുനിക രീതിയില്‍ നിർമ്മിച്ച മാഞ്ഞൂർ പഞ്ചായത്ത് മത്സ്യ, മാംസ മാർക്കറ്റ് ഇന്ന് മാലിന്യക്കൂമ്പാരത്തിനിടയില്‍ ശ്വാസംമുട്ടുകയാണ്.

video
play-sharp-fill

ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് വലിയ പ്രതീക്ഷകളോടെയും ആധുനിക സൗകര്യങ്ങളോടെയും നിർമ്മിച്ച മാർക്കറ്റിന്റെ ഇന്നത്തെ അവസ്ഥ വ്യാപാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

മാർക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പ്രതിദിനം വർദ്ധിക്കുകയാണ്. മത്സ്യ ,മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധമാണ് പരക്കുന്നത്. മാർക്കറ്റിലേക്ക് കയറണമെങ്കില്‍ പോലും മൂക്ക് പൊത്തേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് മാർക്കറ്റിനുള്ളില്‍ കെട്ടിക്കിടന്ന മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒഴുകി സമീപത്തെ കടകള്‍ക്ക് മുന്നിലേക്കും റോഡിലേക്കും പടർന്നു. ഇതോടെ പരിസര പ്രദേശങ്ങളിലെ ശുചിത്വം പൂർണമായും തകർന്നു. ദുർഗന്ധവും അഴുക്കും കാരണം ഉപഭോക്താക്കള്‍ കടകളിലേക്ക് എത്താൻ മടിക്കുകയാണെന്നും അതിനാല്‍ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചെന്നും കച്ചവടക്കാർ പരാതിപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്കറ്റിനകത്ത് വ്യാപാരം നടത്തുന്നവർക്ക് മറ്റൊരു തിരിച്ചടിയായത് പഞ്ചായത്ത് മാർക്കറ്റിന് പുറത്തും മത്സ്യവ്യാപാരത്തിന് അനുമതി നല്‍കിയതോടെയാണ്. റോഡരികുകളില്‍ പുതിയ മത്സ്യക്കടകള്‍ വ്യാപകമായതോടെ വൻതുക ലേലത്തില്‍ എടുത്ത് മാർക്കറ്റിനുള്ളില്‍ വ്യാപാരം നടത്തുന്നവരുടെ കച്ചവടം ഗണ്യമായി കുറഞ്ഞു. വലിയ വാടകയും മറ്റ് ചെലവുകളും വഹിച്ചാണ് വ്യാപാരികള്‍ മാർക്കറ്റിനുള്ളില്‍ കടകള്‍ നടത്തുന്നത്. എന്നാല്‍ പുറത്തുള്ള അനധികൃതമോ നിയന്ത്രണമില്ലാത്തതോ ആയ വ്യാപാര കേന്ദ്രങ്ങള്‍ വർദ്ധിച്ചതോടെ മാർക്കറ്റിന്റെ പ്രസക്തിയും കുറഞ്ഞു.

പകർച്ചവ്യാധി ഭീഷണിയില്‍ പ്രദേശം
മാലിന്യ പ്രശ്‌നവും. ശുചീകരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കാത്തതിനാല്‍ മാർക്കറ്റിന്റെ പല ഭാഗങ്ങളും ഉപയോഗശൂന്യമായി മാറുകയാണ്. മഴക്കാലമായതിനാല്‍ കൊതുക് ശല്യവും വർദ്ധിച്ചു. മാലിന്യം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നു. മാർക്കറ്റും പരിസരവും ദിവസേന ശുചീകരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
മാലിന്യ സംസ്‌കരണത്തിനായി അടിയന്തരമായി പുതിയ പ്ലാന്റ് സ്ഥാപിക്കുകയോ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയോ ചെയ്യണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.