ഒരു വിരലടയാളത്തിൽ 2 കേസുകൾ തെളിഞ്ഞു: മറ്റേ കേസിലും പ്രതി ഇവൻ തന്നെ: വിരലടയാള വിദഗ്ധൻ ഉറപ്പിച്ചു: വീട്ടമ്മയെ ആക്രമിച്ച് മാലകവർന്ന പ്രതി തന്നെയാണ് വാതിൽ കുത്തിപ്പൊളിച്ച് വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയത്

Spread the love

കുറവിലങ്ങാട്‌ : മറ്റൊരു കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ കിട്ടിയ ഫിംഗര്‍പ്രിന്റ്‌ തെളിവായി, മോനിപ്പള്ളി പയസ്‌ മൗണ്ട്‌ പ്രദേശത്തെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

video
play-sharp-fill

കരിമാക്കില്‍ വീട്ടില്‍ സോജന്‍ വര്‍ഗീസ്‌ (39) ആണു പിടിയിലായത്‌.
മോനിപ്പള്ളി വേരമ്മനാല്‍ വീട്ടില്‍ ഗൃഹനാഥ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്. 2025 ജനുവരി 25-ന്‌ രാത്രി കുടുംബാംഗങ്ങള്‍ പള്ളിയിലെ പെരുനാളില്‍ പങ്കെടുത്തിരുന്ന സമയത്ത്‌ വീടിന്റെ മുന്‍വാതില്‍ പൊളിച്ച്‌ അകത്ത്‌ കയറിയ പ്രതി, കബോര്‍ഡുകളും അലമാരയും തുറന്ന്‌ ഏകദേശം 3.5 പവന്‍ സ്വര്‍ണാഭരണങ്ങളും 20,800 രൂപയും 100 അമേരിക്കന്‍ ഡോളറും കവര്‍ന്നതായി കണ്ടെത്തി.
സംഭവത്തെ തുടര്‍ന്നു കുറവിലങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഫിംഗര്‍പ്രിന്റ്‌ വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്‌ഥലത്തു പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടക്കത്തില്‍ പ്രതിയെക്കുറിച്ചു സൂചനകളൊന്നും ലഭിക്കാതിരുന്നതിനാല്‍ പോലീസ്‌ ഈ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരവേ കഴിഞ്ഞ ഫെബ്രുവരി മാസം ഉഴവൂര്‍ പയസ്‌ മൗണ്ട്‌ ഭാഗത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ചു മാല കവര്‍ന്ന കേസില്‍ പ്രതി സോജനെ അറസ്‌റ്റ് ചെയ്യുകയും പിന്നീട്‌ ജില്ലാ ഫിംഗര്‍പ്രിന്റ്‌ ബ്യൂറോ നടത്തിയ പരിശോധനയില്‍ ക്രൈം സീനില്‍ നിന്നു ലഭിച്ച വിരലടയാളങ്ങള്‍ കേസിലെ പ്രതിയായ സോജന്‍ വര്‍ഗീസിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

ഇതോടെ 2025 ജനുവരിയില്‍ നടന്ന മോഷണകേസില്‍ ലഭിച്ച വിരലടയാളങ്ങള്‍ പ്രതി സോജന്റെ വിരലടയാളങ്ങളുമായി പരിശോധന നടത്തുകയും ഈ കേസിലും സോജന്‍ തന്നെയാണ്‌ പ്രതി എന്ന്‌ കണ്ടെത്തുകയുമായിരുന്നു.
ഇന്നലെ രാവിലെ ഉഴവൂര്‍ ഭാഗത്തു കണ്ട പ്രതിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു വൈകിട്ട്‌ മൂന്നര മണിയോടെ അറസ്‌റ്റു രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.