കുമാരനല്ലൂരിൽ നടന്നത് കൂട്ട മോഷണം: മക്കാ മസജിദിൽ മാത്രമല്ല സമീപത്തെ ക്ഷേത്രത്തിലും കള്ളൻ കയറി; കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തകർത്തു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കുമാരനല്ലൂരിൽ നടന്നത് കൂട്ട മോഷണം: മക്കാ മസജിദിൽ മാത്രമല്ല സമീപത്തെ ക്ഷേത്രത്തിലും കള്ളൻ കയറി; കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തകർത്തു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം മക്കാ മസ്ജിദിൽ മോഷണം നടത്തിയ പ്രതി സമീപത്തെ ക്ഷേത്രത്തിലും, കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും തകർത്ത് മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയിൽ തന്നെയാണ് മൂന്നു മോഷണവും നടന്നിരിക്കുന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഇതോടെ മക്കാ മസ്ജിദ്, എലവനാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ കാണിക്കവഞ്ചി എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഒരാൾ തന്നെയാണെന്ന് കൂടുതൽ വ്യക്തമായി. രണ്ടു മണിക്കൂറോളം പ്രദേശത്ത് കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങളുമായി പ്രതി കറങ്ങി നടന്നിട്ടും പൊലീസിനു ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിച്ചില്ല എന്നത് ജില്ലാ പൊലീസിന് കൂടുതൽ നാണക്കേടായി. മാസാവാസനായമായ 30 ന് കാണിക്കവഞ്ചി തുറക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ കാണിക്കവഞ്ചി തകർത്തത് കണ്ടെത്തിയത്.

വെള്ളിയാഴ്ച അർധരാത്രി നടത്തിയ മോഷണത്തിന്റെ വിവരം ഞായറാഴ്ച രാവിലെ തന്നെ മെക്ക മസ്ജിദ് അധികൃതർ അറിഞ്ഞിരുന്നു. തുടർന്ന് ഇവർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവപ്പ് ഷർട്ട് ധരിച്ച കഷണ്ടിയുള്ള ആൾ ഇവിടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഇതിനിടെയാണ് എലവനാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടന്നതായി കണ്ടെത്തിയത്.
ഇത്തരത്തിൽ രണ്ട് മോഷണം നടന്നതായി കണ്ടതോടെയാണ് കുമാരനല്ലൂർ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ എം.സി റോഡരികിലുള്ള കാണിക്കവഞ്ചിയിൽ പരിശോധന നടത്തിയത്. കാണിക്കവഞ്ചി കുത്തിത്തുറന്നതായി ഇതോടെയാണ് വ്യക്തമായത്. തുടർന്ന് ക്ഷേത്രം അധികൃതർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മക്കാ മസ്ജിദിൽ മോഷണം നടത്തിയ കള്ളൻ തന്നെയാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്തിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. സി.സി.ടി.വി ക്യാമറയിൽ കണ്ട മോഷ്ടാവിന്റെ വീഡിയോ പൊലീസിനു കൈമാറി. മക്ക മസ്ജിദിൽ കയറിയ മോഷ്ടാവ് തന്നെയാണ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്തതെന്നും വീഡിയോയിൽ വ്യക്തമായിട്ടുണ്ട്.
എന്നാൽ, കാണിക്കവഞ്ചിയിൽ എത്രരൂപയുണ്ടായിരുന്നു എന്നത് വ്യക്തമല്ല. മാസാവസാനമായതിനാൽ നല്ല തുകയുണ്ടാകുമെന്നാണ് അനൂമാനം. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
സി സി ടി വി വീഡിയോ ഇവിടെ കാണാം