Spread the love

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. കല്ലേറ് അടക്കമുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

video
play-sharp-fill

എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്.

മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്പോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍ മുറിവുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇനി എപ്പോഴെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഹെല്‍മറ്റ് ധരിച്ച് മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് ഉണ്ടാകുന്നത് . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.

അതേസമയം ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.