play-sharp-fill
മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍: അഞ്ചര വയസിൽ തുടക്കം ആകാശവാണിയിൽ: ഇതുവരെ പാടിയത്  വിവിധ ഭാഷകളില്‍ 25000ലധികം പാട്ടുകൾ

മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍: അഞ്ചര വയസിൽ തുടക്കം ആകാശവാണിയിൽ: ഇതുവരെ പാടിയത് വിവിധ ഭാഷകളില്‍ 25000ലധികം പാട്ടുകൾ

 

കോട്ടയം: മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍.

ഓരോ മലയാളിയും ഒറ്റ കേള്‍വിയില്‍ തിരിച്ചറിയുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ മങ്ങലേല്‍പ്പിച്ചിട്ടില്ല.

​ആലാപനത്തിനൊപ്പം ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല.

1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രയുടെ ഗാനം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്.

അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്.

എണ്‍പതുകളോടെ ചിത്രയുടെ പാട്ടുകൾക്ക് ഇടവേളകളില്ലാതെയായി.

മലയാളത്തിന്‍റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പലഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്ര നിറഞ്ഞു.

ചിത്തിര നക്ഷത്രത്തിൽ ജനിച്ചതുകൊണ്ടാണ് ചിത്ര എന്നപേര് അമ്മുമ്മയിടുന്നത്.

വീട്ടിൽ ചേച്ചി ബീനയുടെ സംഗീത ക്ലാസ് കേട്ടുകൊണ്ട് കുഞ്ഞു ചിത്ര വളർന്നു.

നാടകനടനും ഗായകനുമായ അച്ഛൻ കരമന കൃഷ്ണൻനായരാണ് പാട്ടുവഴിയിലേക്ക് ചിത്രയെ കൈപിടിച്ചത്.

കാവാലത്തിന്റെ നാടകസംഘങ്ങളിൽ കോറസ് പാടിച്ചായിരുന്നു ആ തുടക്കം.

1979ല്‍ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ആ ആലാപന മികവിനെ ദേശവും രാജ്യവും പല തവണ ആദരിച്ചു.

16 തവണയാണ് കേരള സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്.

11 തവണ ആന്ധ്രപ്രദേശിന്‍റെ മികച്ച ഗായികയായി.

നാലുതവണ തമിഴ്നാടിന്‍റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്‍റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.
.

1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.

1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു. 1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്.

11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.

ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്.

സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.

മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്.

മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.

1985 ല്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം സിന്ധുഭൈരവിയിലൂടെ ദേശീയനേട്ടം സ്വന്തമാക്കിയതിന് തൊട്ടടുത്ത വർഷം ബോംബെ രവി ഈണം നൽകിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾപ്രസാദം എന്നു തുടങ്ങുന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാർഡും ചിത്രയെ തേടിയെത്തി.

1988ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി.

1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.

ചിത്രശബ്ദത്തിനൊപ്പം മൂളാതെ ഒരു ദിനം കടന്നു പോവുക മലയാളിക്ക് ഇന്ന് അസാധ്യമാണ്.

വിവിധ ഭാഷകളില്‍ 25000ലധികം പാട്ടുകളാണ് ചിത്ര പാടിയത്, പാടിയതിലേറെയും സൂപ്പര്‍ ഹിറ്റുകളും.

കെഎസ് ചിത്ര അനശ്വരമാക്കിയ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാകില്ല.

ഏതൊരു മലയാളിയുടെ ജീവിതവുമായി ആ ശബ്ദം ഇഴുകിച്ചേർന്നിരിക്കുകയാണ്