2021 ലും ഇന്ത്യയിൽ കൊവിഡ് തുടരും: മുന്നറിയിപ്പുമായി ആരോഗ്യ പ്രവർത്തകർ; കൊവിഡ് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഉറപ്പായി

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: മാസങ്ങൾ നീണ്ടു നിന്ന ലോക്ക് ഡൗണിനും, അതീവ ജാഗ്രതയ്ക്കും ഇന്ത്യയിലെ കൊവിഡിനെ നിയന്ത്രിക്കാൻ സാധിച്ചില്ലെന്നു കണ്ടെത്തൽ. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ എല്ലാ വിഭാഗവും ഒരുമിച്ചു പ്രയത്‌നിച്ചിട്ടു പോലും കൊവിഡിനെ നിയന്ത്രിക്കാൻ സാധിച്ചില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടരായ ഡോ. രൺദീപ് ഗുലേറിയയയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്നും രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനു കാരണങ്ങൾ പലതാണെന്നും കൊവിഡ് ടെസ്റ്റുകൾ വർദ്ധിക്കുന്നത് അതിലൊന്നാണെന്നും ഗുലേറിയ പറയുന്നു.

ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റുകളാണ് രാജ്യത്ത് നടക്കുന്നത്. ഇതുമൂലം കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്താൻ കഴിയും. കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്ന്. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവന്ന പലരും മടുത്ത് തുടങ്ങിയിരിക്കുന്നു. ഡൽഹിയിൽ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ട് തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറയുന്നു.

ഇതെല്ലാം കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമാകും. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്ബ് രോഗികളുടെ എണ്ണം വർദ്ധിച്ചേക്കാം. വാക്സിൻ യാഥാർഥ്യമാകാൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്സിൻ വൻതോതിൽ നിർമ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താൽ മാത്രമെ എല്ലാവർക്കും അത് ഫലം ചെയ്യൂ. സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുക എന്നീ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നും ഡോ. രൺദീപ് ഗുലേറിയ ചൂണ്ടിക്കാണിക്കുന്നു.