ബംഗ്‌ളൂരു ലഹരി മാഫിയയ്ക്ക് കോട്ടയത്തും കണ്ണികൾ: ബംഗളൂരുവിൽ നിന്നും ലഹരിയെത്തിക്കുന്ന സംഘങ്ങൾക്കു പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത് ഏറ്റുമാനൂരിലെ ഗുണ്ടകൾ; കഞ്ചാവും, ഹാഷിഷും, വീര്യം കൂടിയ ലഹരികളും കോട്ടയത്തേയ്ക്ക് ഒഴുകുന്നു

തേർഡ് ഐ ക്രൈം

കോട്ടയം: സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ മുൻ മന്ത്രി പുത്രനെ വരെ കുരുക്കിയ ബംഗളൂരുവിലെ മയക്കുമരുന്നു കേസിന്റെ കണ്ണികൾ കോട്ടയത്തേയ്ക്കും. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയ സംഘങ്ങൾക്കു ഇപ്പോൾ ബംഗളൂരുവിൽ പിടിയിലായ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ബംഗളൂരുവിൽ നിന്നും വൻ തോതിൽ വീര്യം കൂടിയ ലഹരി മരുന്നുകൾ ജില്ലയിലേയ്ക്കു എത്തിക്കുന്നതിനു പിന്നിൽ ഇതേ സംഘം തന്നെയാണ് എന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഏറ്റുമാനൂരിലും കടുത്തുരുത്തിയിലുമായി ലോക്ക് ഡൗണിനു ശേഷം മാത്രം 120 കിലോ കഞ്ചാവാണ് എക്‌സൈസും പൊലീസും ചേർന്നു പിടികൂടിയത്. ഈ കഞ്ചാവ് എത്തിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ സംഘംഗങ്ങൾക്കാണ് എന്നു കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ അലോട്ടിയെയെന്ന ജെയിസ് മോൻ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾക്കു വേണ്ടിയാണ് കടുത്തുരുത്തിയിൽ കഞ്ചാവ് എത്തിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് എത്തിക്കുന്ന കഞ്ചാവിൽ ഏറെയും ഗുണ്ടാ സംഘങ്ങളുടെ കയ്യിലാണ് എത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിൽ കണ്ടെയ്നർ ലോറിയിൽ 500കിലോ കഞ്ചാവ് പിടിച്ചതാണ് ഒടുവിലത്തെ സംഭവം. കോടികളുടെ ലഹരി വസ്തുക്കളാണ് നിത്യേന വരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭം.
കടത്തുന്നതിന്റെ ഒരു ശതമാനം പോലും പിടികൂടുന്നില്ല. ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മിഷണറായിരിക്കെ കർശന നടപടികളെടുത്തിരുന്നു. രണ്ടുവർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്‌സൈസ് പിടിച്ചത്.

മാരകമായ സിന്തറ്റിക്ക് ലഹരി എം.ഡി.എം.എ, നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്ബ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരി കഷായങ്ങൾ എന്നിവയെല്ലാം ഭൂഖണ്ഡങ്ങൾ കടന്ന് കേരളത്തിലേക്ക് ഒഴുകുന്നു. നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി പോളണ്ട്, നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് കൊക്കെയ്ൻ എത്തിക്കുന്നു. കൊറിയറിൽ വീട്ടിലെത്തിക്കുന്ന ഓൺലൈൻ സൈറ്റുകളുമുണ്ട്.

കിലോയ്ക്ക് ഒരുകോടി വിലയുള്ള മാരകമായ ‘മെത്ത്ട്രാക്സ് ‘ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്നു. അഞ്ച് മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ആജീവനാന്തം അടിമയാകും. ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും. ഇത് ലോകം മുഴുവൻ നിരോധിച്ചതാണ്.

ബംഗളൂരുവിൽ നിന്നാണ് ഹാഷിഷ് എത്തിക്കുന്നത്. അഞ്ച് ഗ്രാമിന് 1000 രൂപ. സ്‌കൂളുകളിലും കോളേജുകളിലും ചെലവാകും. കഞ്ചാവ് ചെടി ഉണങ്ങുംമുൻപ് വാറ്റുന്ന ഹാഷിഷ് ഓയിലും സുലഭം. ആന്ധ്രയിൽ നിർമ്മിക്കുന്ന ഇത് ഡാൽഡയുടെ പായ്ക്കറ്റിലാണ് കടത്തുന്നത്. ആസ്ത്മാ രോഗികൾക്ക് ശ്വാസതടസം മാറാനുള്ള എഫിഡ്രിൻ നിരോധിച്ചെങ്കിലും, കിലോയ്ക്ക് മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നായി സുലഭമാണ്.

മൂന്നാമത്തെ വലിയ ലഹരിവിപണിയാണ് കൊച്ചി. അമൃത്സറും മുംബയുമാണ് മുന്നിൽ. രാജസ്ഥാനിൽ മരുന്നിനായി സർക്കാർ ഉത്പാദിപ്പിക്കുന്ന ‘ഓപിയം’ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ട് മൊത്തവ്യാപാരം നടത്തുന്നുണ്ട്. പ്രതിമാസം 100 കോടിയുടെ ലഹരി കച്ചവടം നടക്കുന്ന തിരുവനന്തപുരത്താണ് കൂടുതൽ കേസുകളും അറസ്റ്റും

കൊറിയറിൽ ലഹരിമരുന്നെത്തിക്കുന്നത് അന്താരാഷ്ട്ര ബന്ധമുള്ള ഏജൻസികളാണ്. രണ്ടു കൊറിയർ സർവീസുകളിലെ റെയ്ഡിൽ കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. ഓൺലൈൻ മയക്കുമരുന്നു വ്യാപാരത്തിനെതിരേ കർശന നടപടിയെടുക്കുമെന്ന് മന്ത്‌റി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകൾ നൽകുന്നവർക്കെതിരെ ബാലനീതി നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുക്കും. ഏഴുവർഷത്തെ തടവും പിഴയും ലഭിക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.