ശിവസേനയെ വെല്ലുവിളിച്ച് കങ്കണ: വിമാനത്താവളത്തിൽ വന്നിറങ്ങിയാൽ മുട്ടുകാല് വെട്ടുമെന്നു ശിവസേന; എങ്കിൽ കാണട്ടെയെന്നു കങ്കണ

തേർഡ് ഐ ബ്യൂറോ

മുംബൈ: ശിവസേനയെ നേർക്കുനേർ നിന്നു വെല്ലുവിളിച്ച് നടി കങ്കണ. തനിക്കെതിരെ മോശം പരാമർശം നടത്തിയതിന് റാവത്തിന് മറുപടിയുമായി കങ്കണ രംഗത്തെത്തിയതോടെയാണ് ശിവസേനയും കങ്കണയും തമ്മിലുള്ള പോര് നേർക്കുനേരായത്.

എനിക്ക് പറയാനുള്ളത് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്റെ രാജ്യത്ത് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നും കങ്കണ തുറന്നടിച്ചു. കങ്കണയുടെ വിശ്വാസ വഞ്ചന നാണക്കേടാണെന്ന് കഴിഞ്ഞ ദിവസം റാവത്ത് പറഞ്ഞിരുന്നു.

മുംബൈ പോലീസിനെ വിമർശിച്ചത് കൊണ്ട് മുംബൈയിൽ അവർക്ക് താമസിക്കാൻ അർഹതയില്ലെന്നും റാവത്ത് തുറന്നടിച്ചിരുന്നു. നിങ്ങൾ ഒരു ജനപ്രതിനിധിയും മന്ത്രിയുമാണ്. ഈ രാജ്യത്ത് ഓരോ മണിക്കൂറിലും എത്ര പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.

അവർ ജോലി സ്ഥലത്ത് എങ്ങനെയാണ് അപമാനിക്കപ്പെടുന്നതെന്നും, ഭർത്താക്കൻമാർ അവരെ എങ്ങനെയാണ് മർദിക്കുന്നതെന്നും അറിയാമായിരിക്കും. ആരാണ് ഇതിന് കാരണക്കാർ? നിങ്ങളെ പോലുള്ളവരുടെ മനോനിലയാണ് സ്ത്രീകൾക്ക് ഇത്തരമൊരു ഗതിയുണ്ടാക്കുന്നത്. ഈ രാജ്യത്തെ സ്ത്രീകൾ നിങ്ങളോട് ഒരിക്കലും പൊറിക്കില്ല. കാരണം സ്ത്രീകളെ ദ്രോഹിക്കുന്നവരെയാണ് നിങ്ങൾ ശക്തരാക്കി വളർത്തിയതെന്നും കങ്കണ പറഞ്ഞു.

ആമിർ ഖാൻ ഈ രാജ്യത്ത് താമസിക്കുന്നതിൽ ഭയമുണ്ടെന്ന് പറഞ്ഞപ്പോൾ, ആരും അദ്ദേഹത്തെ ഹറാംകോർ എന്ന് വിളിച്ചില്ല. നസറുദ്ദീൻ ഷാ പറഞ്ഞപ്പോഴും ആരും അദ്ദേഹത്തെ അവഹേളിച്ചില്ല. ഞാൻ സാധാരണ മുംബൈ പോലീസിനെ പ്രശംസിക്കാറുള്ളതാണ്. എന്റെ മുമ്ബുള്ള അഭിമുഖങ്ങൾ പരിശോധിക്കാവുന്നതാണ്. ഇന്ന് അവർ പാൽഗർ ആൾക്കൂട്ട കൊലയിലോ സുശാന്തിന്റെ മരണത്തിലോ ഒന്നും ചെയ്യാൻ തയ്യാറാവുന്നില്ല. അതിനെയാണ് ഞാൻ എതിർത്തത്. അത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കങ്കണ പറഞ്ഞു.

ഞാൻ നിങ്ങളെയോ മുംബൈ പോലീസിനെയോ വിമർശിച്ചാൽ മഹാരാഷ്ട്രയെ വിമർശിക്കലാവില്ല. നിങ്ങളല്ല മഹാരാഷ്ട്ര എന്ന് ഓർക്കണം. ശിവസേനയുടെ ആളുകൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഞാൻ സെപ്റ്റംബർ ഒന്നിന് മുംബൈയിലെത്തും. എന്റെ കൈകാലുകൾ തല്ലിയൊടിക്കുമെന്നും കൊലപ്പെടുത്തുമെന്നൊക്കെയാണ് പറയുന്നു. ഈ രാജ്യം പടുത്തുയർത്തിയത് രക്തം ചിന്തുന്നവരുടെ രക്തം കൊണ്ടാണ്. ഈ രാജ്യത്തിനായി ഞാനും എന്റെ രക്തം നൽകാൻ ഒരുക്കമാണെന്നും കങ്കണ പറഞ്ഞു.