Spread the love

തിരുവനന്തപുരം : നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും എന്നതാണ് ആകാംക്ഷ. കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നികുതി കുറക്കൽ പിൻവലിക്കണമെന്ന് ആവശ്യമുണ്ട്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായേക്കും. തീരുമാനം പിൻവലിക്കാൻ യുഡിഎഫിലും സമ്മർദമുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും നിർണായകമാകും. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ ഇപ്പോൾ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

video
play-sharp-fill

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ സ്വീകരിച്ച് അതിവേഗത്തിലാണ് തീരുമാനം വന്നതെന്നും അഴിമതിക്ക് വേണ്ടിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയെ ഇന്ന് മന്ത്രിസഭായോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഈമാസം 30ന് വിരമിക്കും. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളിലും പരിഗണനയിൽ ഉണ്ടായിരുന്നു. എങ്കിലും ജ്യോതിലാൽ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത കൂടുതൽ.