play-sharp-fill
കോട്ടയം നഗരസഭ 3 കോടി രൂപ മുടക്കി വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്ന് പറഞ്ഞത് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ:  1.38 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാതിരുന്നതിനെ തുടർന്ന് നഗരസഭയുടെ ഫ്യൂസ് കെഎസ്ഇബി ഊരിയത് കഴിഞ്ഞ മാസം; നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാട്ടർലെസ് യൂറിനൽ ഉണ്ടാക്കുമെന്ന് പറഞ്ഞതും കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ; ഒരു വർഷം കഴിഞ്ഞിട്ടും പടുതാ കൊണ്ട് മറച്ച യൂറിനൽ പോലും ഉണ്ടാക്കാൻ  കഴിയാതെ കോട്ടയം നഗരസഭ; കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുന്നു; നഗരസഭയിൽ നടക്കുന്നത് അഴിമതിയും തീവെട്ടികൊള്ളയും

കോട്ടയം നഗരസഭ 3 കോടി രൂപ മുടക്കി വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്ന് പറഞ്ഞത് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ: 1.38 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാതിരുന്നതിനെ തുടർന്ന് നഗരസഭയുടെ ഫ്യൂസ് കെഎസ്ഇബി ഊരിയത് കഴിഞ്ഞ മാസം; നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാട്ടർലെസ് യൂറിനൽ ഉണ്ടാക്കുമെന്ന് പറഞ്ഞതും കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ; ഒരു വർഷം കഴിഞ്ഞിട്ടും പടുതാ കൊണ്ട് മറച്ച യൂറിനൽ പോലും ഉണ്ടാക്കാൻ കഴിയാതെ കോട്ടയം നഗരസഭ; കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുന്നു; നഗരസഭയിൽ നടക്കുന്നത് അഴിമതിയും തീവെട്ടികൊള്ളയും

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരസഭ തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് പൊതുജനങ്ങൾ കാണുന്നത്.

പദ്ധതികൾ അവതരിപ്പിക്കേണ്ടതും നാടിൻറെ വികസന കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുമായ കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുകയാണ്. അജണ്ടയിൽ നൂറിലേറെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെങ്കിലും എട്ടോ, പത്തോ വിഷയങ്ങൾ മാത്രമാണ് ഓരോ കൗൺസിലിലും ചർച്ചയ്ക്ക് എടുക്കുന്നത്. ചർച്ച തുടങ്ങി അരമണിക്കൂർ കഴിയുമ്പോൾ തന്നെ
പൂരപ്പറമ്പിൽ കതിനക്ക് തീ കൊളുത്തുന്നതുപോലെയാണ് കൗൺസിൽ യോഗത്തിലെ തല്ലും ബഹളവും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ഇതുതന്നെയാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനമെത്താത്ത നഗരമാണ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കോട്ടയം നഗരം. വികസനമെത്തിക്കാൻ ചുമതലപ്പെട്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തുമായി നടക്കുകയാണ്. 2012 ൽ പണിത കോടിമത പച്ചക്കറി മാർക്കറ്റ് ചോർന്നൊലിക്കാൻ തുടങ്ങി. ഭിത്തി വീണ്ടുകീറി ഏത് സമയവും കെട്ടിടം നിലം പൊത്താവുന്ന സ്ഥിതിയിലായി മാറി.

ടിബി റോഡിലെ പഴയ പച്ചക്കറി മാർക്കറ്റ് പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞ് വ്യാപാരികളെ പെരുവഴിയിലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
പൊളിച്ച് കളഞ്ഞതല്ലാതെ ഇതുവരെയും കെട്ടിടം പണിതിട്ടില്ല. കോടിമതയില്‍ പുതിയ മീന്‍ മാര്‍ക്കറ്റിനും അറവുശാലക്കുമുള്ള കെട്ടിടം പണിതിട്ടും പണിതിട്ടും പണി തീരാതെ കിടക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചത് മാത്രം മിച്ചം. നഗരത്തിലെ അറവുശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. അറവുശാല എന്നു തുറക്കുമെന്നു ചോദിച്ചാല്‍ ആ … എന്നാണ് ഉത്തരം. മീന്‍ കച്ചവടമാകട്ടെ വര്‍ഷമേറെക്കഴിഞ്ഞിട്ടും ഇന്നും എം.ജി റോഡിന് ഇരു വശത്തുമാണ്.

രണ്ട് കോടി ഏഴ് ലക്ഷം രൂപ മുടക്കി നവീകരിക്കുകയും പിന്നീട് ആറ് വർഷം അടച്ചിടുകയും ചെയ്ത മുൻസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തേർഡ് ഐ ന്യൂസിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഹൈക്കോടതി വിധിയെ തുടർന്നാണ് 2023 ഏപ്രിലിൽ പാർക്ക് തുറന്നുകൊടുത്തത്.

രണ്ടുവർഷം മുമ്പ് നഗരത്തിൽ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തതും
തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നല്കിയ ഹർജിയെ തുടർന്നാണ്. നഗരത്തിൽ പല സ്ഥലങ്ങളിലായി ചാക്കിൽ കെട്ടി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കോട്ടയം നഗരസഭ മൂക്കും കുത്തി താഴെ വീഴുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്,
മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്.

നഗരസഭ 3 കോടി രൂപ മുടക്കി വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്നാണ് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞത്. എന്നാൽ നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ വൈദ്യുതി കുടിശിക
1.38 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി നഗരസഭയുടെ ഫ്യൂസ് ഊരി മാറ്റിയത് കഴിഞ്ഞ മാസമാണ്.

നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാട്ടർലെസ് യൂറിനൽ ഉണ്ടാക്കുമെന്ന് പറഞ്ഞതും കഴിഞ്ഞ വർഷമാണ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പടുതാ കൊണ്ട് മറച്ച യൂറിനൽ പോലും ഉണ്ടാക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷനും അടഞ്ഞു കിടക്കുകയാണ്. ഇതോടെ നഗരത്തിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും മൂത്രമൊഴിക്കാനുള്ള സൗകര്യം പോലും ഇല്ലാതായി.