കള്ളച്ചിരിയും ഓടക്കുഴലും മയില്‍പ്പീലിയും ചൂടി കുഞ്ഞിക്കണ്ണന്‍മാര്‍; വനമാലയണിഞ്ഞ് ഗോപികമാര്‍; കോട്ടയം നഗരത്തെ മഥുരാപുരിയാക്കി മഹാശോഭായാത്ര
കോട്ടയം; ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തെ മഥുരാപുരിയാക്കി മഹാശോഭായാത്ര. കള്ളച്ചിരിയും ഓടക്കുഴലും മയില്‍പ്പീലിയും ചൂടി കുഞ്ഞിക്കണ്ണന്മാരും,,വനമാലയണിഞ്ഞ് ഗോപികമാരും.മഞ്ഞപ്പട്ടണിഞ്ഞ് പീലിത്തിരുമുടികെട്ടി വെണ്ണ കട്ടുണ്ടും ഓടക്കുഴലൂതിയും ഉണ്ണിക്കണ്ണന്‍മാരും ആനന്ദ നൃത്തമാടി ഗോപികമാരും വീഥികളെ അമ്പാടിയാക്കി.
കൊവിഡ് ലോക് ഡൗണിന് ശേഷം വിപുലമായി നടന്ന ശോഭായാത്രകളിലും കലാപരിപാടികളിലും വന്‍ ഭക്തജന പങ്കാളിത്തമുണ്ടായി. ക്ഷേത്രങ്ങളില്‍ ഗോപൂജകളും വിശേഷാല്‍ പൂജകളും നടന്നു. നഗരത്തില്‍ വിവിധ ശോഭായാത്രകള്‍ തിരുനക്കരയില്‍ സംഗമിച്ചു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ അമ്മമാരടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു. ശ്രീകൃഷ്ണചരിതം ദൃശ്യങ്ങളാക്കിയ രഥങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ 400 ആഘോഷങ്ങളിലായി ആയിരംകേന്ദ്രങ്ങളിലാണ് മഹാശോഭായാത്രകള്‍ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സവാര്‍ ധനാനിയ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടയം വൈക്കത്ത് രാജവീഥിയെ വര്ണാഭമാക്കിയ മഹാശോഭ യാത്ര നടന്നത്. വിവിധ മേഖലകളില്‍ നിന്നെത്തിയ ഗംഗ, യമുന, സരസ്വതി, ഗോദാവരി, നര്‍മദ, സിന്ധു എന്നീ ശോഭായാത്രകള്‍ വലിയകവലയില്‍ സംഗമിച്ച് മഹാശോഭയാത്രയായി പടിഞ്ഞാറേനടയിലേക്ക് നീങ്ങി.
ഗംഗ ശോഭയാത്ര കല്പകശേരിയില് നിന്നും യമുന അയ്യര്‍കുളങ്ങരയില്‍ നിന്നും സരസ്വതി ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും നര്‍മ്മദ വടക്കേനട അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും സിന്ധു ചാലപ്പറന്പില്നിന്നുമാണ് ആരംഭിച്ചത്.
അമ്പാടി കണ്ണന്റെയും ഗോപികമാരുടേയും വേഷമണിഞ്ഞ് നിരവധി കുട്ടികള്‍ ശോഭായാത്രയില്‍ അണിനിരന്നു. ശോഭായാത്രയ്ക്ക് ചാരുതയേകി നിലക്കാവടി, തെയ്യം, വാദ്യഘോഷം തുടങ്ങിയവയുണ്ടായിരുന്നു. ശിവന്റെ താണ്ഡവ നൃത്തത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യം പ്രത്യേക ശ്രദ്ധ നേടി.