
റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിൽ അഗ്നിബാധ. ബിഹാറിലാണ് അപകടം നടന്നത്. പട്നയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനാണ് ബിഹാറിലെ സാസാരാം റെയിൽവേ സ്റ്റേഷനിൽ വച്ച് തീ പിടിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ഭഭുവ-സാസാരാം-പട്ന ഇന്റർസിറ്റി ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പട്നയിലേക്ക് പുറപ്പെടുന്നതിനായി പ്ലാറ്റ്‌ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ട്രെയിന്റെ ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6:45ന് പട്നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു. കോച്ചിന്റെ ശുചിമുറിയിൽ നിന്നും ആദ്യം കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാരും പരിസരവാസികളും ഉടൻ തന്നെ ബഹളം വെയ്ക്കുകയായിരുന്നു.
തീ അതിവേഗം കോച്ചിലേക്ക് പടർന്നതോടെ യാത്രക്കാർക്കിടയിൽ കനത്ത പരിഭ്രാന്തി പരക്കുകയും ആളുകൾ ജീവനും കൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിക്കുകയും ചെയ്തു. പല യാത്രക്കാർക്കും ട്രെയിനിൽ നിന്നും ഇറങ്ങി രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയിൽ തങ്ങളുടെ ലഗേജുകൾ പോലും ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും തക്കസമയത്തുള്ള ഇടപെടലിലൂടെ മുഴുവൻ യാത്രക്കാരെയും കോച്ചിൽ നിന്നും പ്ലാറ്റ്‌ഫോമിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ സംഭവിച്ചിട്ടില്ല.






