കോട്ടയം പാലാ നഗരസഭയിലെ പകിട കളി വിവാദം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; കൗണ്‍സില്‍ ഹാളിന് മുന്നില്‍ പകിട കളിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധവും
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം പാലാ നഗരസഭയിലെ പകിട കളി വിവാദത്തില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം.
കൗണ്‍സില്‍ ഹാളിന് മുന്നില്‍ പകിട കളിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പകിട കളിയുടെ കാര്യത്തില്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം നല്‍കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. പാട്ടും കളിയുമൊക്കെയായി പാലാ നഗരസഭയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ മാസം നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സിപിഎമ്മുകാരിയായ ചെയര്‍പേഴ്സണ്‍ ജോസിൻ ബിനോയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായ മുൻ അധ്യക്ഷൻ ആന്‍റോ പടിഞ്ഞാറേക്കരയും പ്രതിപക്ഷ നിരയിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടയിലാണ് സംഘാംഗങ്ങളില്‍ ചിലര്‍ പണം വച്ച് പകിട കളിക്കുന്നത്.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെ നിയമലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറിന്‍റെ ആരോപണം. എന്നാൽ സംഭവത്തെ പറ്റി പ്രതികരിക്കാൻ ചെയര്‍പേഴ്സണ്‍ ജോസിൻ ബിനോ ഇതുവരെ തയാറായിട്ടില്ല. പണം വച്ച് കളി നടന്നിട്ടില്ലെന്നും തമാശയ്ക്ക് ദൃശ്യങ്ങളെടുക്കാൻ വേണ്ടി ഹൗസ് ബോട്ടിലുണ്ടായിരുന്ന പകിട പലകയില്‍ പണം വച്ചതാണെന്നുമാണ് മുൻ അധ്യക്ഷൻ ആൻറോ പടിഞ്ഞാറേക്കരയുടെ വിശദീകരണം.