Wednesday, April 22, 2026

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്‌തീയഗാനം പാടിയതില്‍ വിമര്‍ശനം; വിവാദങ്ങളുണ്ടാക്കി നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി

Spread the love

കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ക്രിസ്‌തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരെ ഉയർന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി.

നാട്ടിലെ എല്ലാവിഭാഗങ്ങളുടെയും സഹകരണത്തിലാണ് ക്ഷേത്രത്തില്‍ പ്രോഗ്രാം നടത്തിയതെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും പരിപാടി നേരിട്ട് കാണുന്നതിനുള്ള പാസ് വീട്ടിലെത്തിയാണ് നല്‍കിയതെന്നും കമ്മിറ്റി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കമ്മിറ്റി കണ്‍വീനർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രത്തില്‍‌ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും കണ്‍വീനർ വ്യക്തമാക്കി.

 

‘ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച്‌ സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത് . നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം. അവർ വളർന്നത് ഇവിടെ നിന്നാണ് , നവീൻ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു. ഈ അമ്ബലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്ബോള്‍ അവർ വഴിയരിയില്‍ തിരി തെളിയിക്കുന്നതെല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്ബ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ’- ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി വ്യക്തമാക്കി.