ഭാഗ്യം തുണച്ചത് വലത് മുന്നണിയെ; കോട്ടയം ഇനി ബിന്‍സി സെബാസ്റ്റ്യന്‍ ഭരിക്കും

സ്വന്തം ലേഖകന്‍

കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ  നറുക്കെടുപ്പില്‍  ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ അനിലുമാണ് മൽസരിച്ചത്.

എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്.

എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതം അംഗങ്ങളായത്. പിന്തുണ നല്‍കിയാല്‍ ബിന്‍സിയ്ക്ക് ചെയര്‍പേഴ്സണ്‍ പദവിയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്.

എട്ട് അംഗങ്ങളുള്ള ബിജെപി സ്വന്തം നിലയില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചു. നഗരസഭാ 19-ാം വാര്‍ഡില്‍ നിന്നുള്ള റീബാ വര്‍ക്കിയായിരുന്നു ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി. ആദ്യഘട്ട വോട്ടിങ്ങില്‍ ഇടത് വലത് മുന്നണികള്‍ തുല്യവോട്ട് നേടി. ഇതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി റീബാ വര്‍ക്കിയെ മാറ്റി നിര്‍ത്തി രണ്ടാംഘട്ട വോട്ടിങ്ങും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ധാരണ പ്രകാരം യുഡിഎഫിന്റെ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യനായിരുന്നു. അഞ്ച് വര്‍ഷവും അദ്ധ്യക്ഷ സ്ഥാനമാണ് ഇവര്‍ ആവശ്യപ്പെട്ടത്. നഗരസഭാ 52-ാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്രയായിരുന്നു ബിന്‍സി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 4 കൗണ്‍സിലര്‍മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്. ഇവര്‍ പ്രത്യേക റൂമില്‍ കാത്തിരുന്നതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. അവര്‍ക്കായി പ്രത്യേക സൗകര്യം നഗരസഭയില്‍ ഒരുക്കിയിരുന്നു. നഗരസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.