
തിരുവനന്തപുരം: പെട്രോളും ഡീസലും അടിക്കടി വർദ്ധിപ്പിച്ച് പൊതുജനങ്ങളെ കേന്ദ്ര സർക്കാർ പകല്‍ക്കൊള്ള നടത്തുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങള്‍ക്ക് മേല്‍ ഇന്ധന വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് കടുത്ത അനീതിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില വർദ്ധനവ് താല്‍ക്കാലികമായി പിടിച്ചുവെക്കുകയും വോട്ട് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബി ജെ പി സർക്കാരിന്റെ പതിവ് തട്ടിപ്പാണ്.
കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇന്ധനവില വർദ്ധനവിനെതിരെ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ആവശ്യപ്പെട്ട് ശക്തമായി സമരം ചെയ്ത യു ഡി എഫ് സഖ്യമാണ് ഇന്ന് കേരളത്തില്‍ അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച സ്വന്തം വാദം പ്രാവർത്തികമാക്കാൻ പുതിയ സർക്കാരിന് സാധിക്കുമോയെന്ന വെല്ലുവിളിയും മുൻ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
സതീശൻ സർക്കാരിനോടുള്ള പ്രതിപക്ഷ നേതാവിന്റെ ആദ്യ വെല്ലുവിളി കൂടിയായി ഇത്. കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താനും പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ആശ്വാസമേകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ യു ഡി എഫ് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സെസ് കുറയ്ക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.







