ചികിൽസയ്ക്കെത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിച്ചിട്ട് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് കമ്പനികളുടെ മാസപ്പടി വാങ്ങുന്നു; കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശാസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർ മൂന്ന് മാസം കൂടുമ്പോൾ ടൂർ പോകുന്നു; ടൂർ സ്പോൺസർ ചെയ്യുന്നത് മരുന്ന് കമ്പനികൾ; ജീവനക്കാർ കൂട്ടമായി ആഘോഷിക്കാൻ പോകുന്നത് മൂന്നാറിലും മൈസൂരിലും മഹാബലിപുരത്തും വരെ
എ കെ ശ്രീകുമാർ
കോട്ടയം: ചികിൽസയ്ക്കത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിച്ചിട്ട് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് കമ്പനികളുടെ മാസപ്പടി വാങ്ങി തടിച്ച് കൊഴുക്കുകയാണ്.
മരുന്ന് കമ്പനികളിൽ നിന്ന് പണവും പാരിതോഷികവും ടൂർ പാക്കേജുമായി വൻ തുകയാണ് ഇവർ വാങ്ങിയെടുക്കുന്നത്. ഇത് മുഴുവൻ അനുഭവിക്കുന്നതാകട്ടെ പാവപ്പെട്ട രോഗികളും
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശാസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർ മൂന്ന് മാസം കൂടുമ്പോൾ ടൂർ പോകുന്നു. സാധാരണ ജീവിതം നയിക്കുന്നവർക്ക് വർഷത്തിൽ ഒന്ന് ടൂർ പോകാൻ സാധിക്കാറില്ല. പക്ഷേ ആരോഗ്യവകുപ്പിലെ പലരും വർഷത്തിൽ നാലും അഞ്ചും തവണ ടൂർ പോകും. എല്ലാം ഇവിടുത്തെ പാവപ്പെട്ട രോഗികളുടെ ചിലവിലാണെന്ന് മാത്രം.
ഈ ടൂർ പ്രോഗ്രാമുകൾ സ്പോൺസർ ചെയ്യുന്നത് വിവിധ മരുന്ന് കമ്പനികളാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാർ കൂട്ടമായി ആഘോഷിക്കാൻ പോകുന്നത് മൂന്നാറിലും മൈസൂരിലും മഹാബലിപുരത്തും വരെയാണ് . യാത്രയും ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസവും , മദ്യവും എല്ലാം ഗതി കെട്ട രോഗിയുടെ ചിലവിൽ മരുന്ന് കമ്പനിക്കാർ വഹിക്കും.
ഹൃദയം, അസ്ഥി, കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയ്ക്കെത്തുന്ന രോഗികളെ അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്ന പ്രവണത സംസ്ഥാനമൊട്ടാകെ വ്യാപകമാവുകയാണ്. ഇതിൻ്റെ പേരിൽ സർക്കാർ ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും ഒരു വിഭാഗം ഡോക്ടർമാർ മരുന്ന് കമ്പനികളിൽ നിന്ന് വ്യാപകമായി മാസപ്പടി വാങ്ങാറുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം ഇവർ കൈപ്പറ്റുന്നത്.
ബെൻസും, ഓഡി കാറും , റേഞ്ച് റോവറും വരെ മരുന്ന് കമ്പനികൾ വാങ്ങി നൽകിയ ഡോക്ടർമാർ കോട്ടയത്തുണ്ട്. ഇത്തരത്തിൽ സമ്മാനിക്കുന്ന വാഹനങ്ങളുടെ ഇഎംഐ അടക്കുന്നതും ഇതേ മരുന്ന് കമ്പനികൾ തന്നെയാണ്. പ്രതിഫലമായി കമ്പനികൾ ആവശ്യപ്പെടുന്നത് നാല് മുതൽ ആറ് ലക്ഷം രൂപയുടെ വരെ തങ്ങളുടെ കമ്പനിയുടെ മരുന്നുകൾ ഡോക്ടർമാർ എഴുത്തണമെന്നുള്ളതാണ്. ഇത്തരത്തിൽ വിവിധ അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് വൈറ്റമിൻ ഗുളികകൾ ഉൾപ്പെടെ ആവശ്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി മരുന്നുകളാണ് ഡോക്ടർമാർ എഴുതുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ഇത്തരത്തിൽ വ്യാപകമായി മരുന്നുകൾ എഴുതി കൊടുക്കുന്നതായി ജീവനക്കാർ തന്നെ സമ്മതിക്കുന്നു.
കമ്പനികൾ പറയുന്ന ടാർഗറ്റ് തികയുന്നതോടുകൂടി മൂന്ന് മാസം കൂടുമ്പോൾ ഇത്തരക്കാർക്ക് ടൂർ പാക്കേജ് സംഘടിപ്പിക്കും. കോട്ടയത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ മുതലുള്ള ഭക്ഷണവും ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസവും മദ്യവും തുടങ്ങി വേണ്ട എല്ലാ സൗകര്യങ്ങളും ഇവർ ചെയ്തു കൊടുക്കുന്നു.
എന്നാൽ മെഡിക്കൽ എത്തിക്സിൻ്റെ അന്തസ് ഉയർത്തി പിടിച്ച് രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കാത്ത ധാരാളം ഡോക്ടർമാരും കോട്ടയത്തുണ്ട്.