
കോട്ടയം : കൊടും ചൂടിൽ നിന്നും പെട്ടെന്നുണ്ടായ മഴയ്ക്ക് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധികളും പിടിമുറുക്കുന്നു.
നിരവധിപ്പേരാണ് പനി ബാധിച്ച് ദിനംപ്രതി ചികിത്സതേടുന്നത്. മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കും സാദ്ധ്യതയേറെയാണ്.
അതേസമയം മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇതേവരെ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലും വെള്ളം വിലയ്ക്ക് വാങ്ങുകയാണ്.
ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകാത്തത് പകർച്ചവ്യാധി പടരാൻ ഇടയാക്കുമെന്നാണ് ആശങ്ക.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകൾ ഒഴിവാക്കണമെന്നുമാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവ ശ്രദ്ധിക്കണം. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണമായി സ്ഥിരീകരിക്കാനാവൂ.
ചിക്കൻ ഗുനിയ, ഡെങ്കിപ്പനി പോലുള്ളവ മുൻകാലങ്ങളിൽ പടർന്നു പിടിച്ചത് മേയ് പകുതി മുതൽ ജൂലായ് വരെയുള്ള കാലയവളിലായിരുന്നു.
മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഈഡിസ് കൊതുകുകൾ പെരുകാൻ ഇടയാക്കും. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
തുറസായ സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, അടപ്പുകൾ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം.
മുൻ വർഷങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. കർഷകർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങി വെള്ളത്തിൽ ഇറങ്ങി ജോലി ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്
.







