
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതില്‍ ആകാംക്ഷ.
ഔപചാരിക ചർച്ചകള്‍ക്ക് ഇന്ന് തുടക്കം. യുഡിഎഫ് യോഗം തിരുവനന്തപുരത്ത്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ ക്യാബിനറ്റില്‍ പിടിമുറുക്കാൻ കെ.സി പക്ഷം ശ്രമിക്കും.
അതേസമയം, അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോണ്‍ഗ്രസും രംഗത്തുണ്ട്. അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികള്‍ എന്നാണ് നിലവിലെ ധാരണ. ഫോർമുല അനുസരിച്ച് നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആവും ലീഗിന് ലഭിക്കുക. ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു.
മൂന്ന് തവണ എംഎല്‍എ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയില്‍ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്.
അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാല്‍ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്. മറ്റു ജില്ലകള്‍ക്കും പരിഗണന നല്‍കണം എന്നതിനാല്‍ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎല്‍എമാരില്‍ ഒരാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കല്‍ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരില്‍ ആര് വേണമെന്നതില്‍ തർക്കമുണ്ട്.
ഏഴ് സീറ്റുകളില്‍ ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഒരെണ്ണം മാത്രമേ നല്‍കൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്.
സിപി ജോണ്‍, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉള്‍ക്കൊള്ളും എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതില്‍ ആശയക്കുഴപ്പമുണ്ട്. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഉഭയകക്ഷി ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.







