ഇനി ഈ സഹോദരങ്ങൾക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം…! അറുപത് ദിവസങ്ങള്‍കൊണ്ട് സഹപാഠിക്ക് സ്നേഹവീടൊരുക്കി സിഎംഎസ് കോളജ് വിദ്യാര്‍ഥികള്‍; താക്കോല്‍ ദാനം ചീഫ് വിപ് ഡോ. എന്‍ ജയരാജ് നിര്‍വഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: അറുപത് ദിവസങ്ങള്‍കൊണ്ട് സഹപാഠിക്ക് സ്നേഹവീടൊരുക്കി സിഎംഎസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം.
താക്കോല്‍ ദാനം ചീഫ് വിപ് ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. എംജി യൂണിവേഴ്സിറ്റി എന്‍എസ്‌എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വാ, കങ്ങഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. റംല ബീഗം, മദ്യമുക്തി സ്ഥാപകന്‍ സി. മാമ്മച്ചന്‍, അംഗം എന്‍.എം. ജയലാല്‍ എന്നിവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭവനനിര്‍മാണത്തില്‍ കൈത്താങ്ങേകിയ മാമച്ചാനെയും അറുപത് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ മനോജ് എന്നിവരെ ആദരിച്ചു.
അച്ഛന്‍ ഉപേക്ഷിച്ചുപോയ കുട്ടികള്‍ക്ക് ഏക ആശ്രയമായിരുന്ന അമ്മ കോവിഡ് മൂലം മരിച്ചു. സൗദിയില്‍ വീട്ടുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അമ്മ കോവിഡ് ആദ്യ തരംഗത്തിലാണു മരണപ്പെട്ടത്.
ശരീരം നാട്ടിലേക്കു കൊണ്ടുവരാനോ ഒരുനോക്ക് കാണാനോ മക്കള്‍ക്കായില്ല. രണ്ട് ഹോസ്റ്റലുകളിക്കു താമസം മാറ്റിയ സഹോദരനും സഹോദരിക്കും ഇനി ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കാം. എഴുന്നൂറ് ചതുരശ്ര അടിയുടെ വീട് ഒന്പത് ലക്ഷം രൂപ ചെലവഴിച്ചാണു പൂര്‍ത്തീകരിച്ചത്. കോളജ് തന്നെ മുന്‍കൈയെടുത്താണ് അഞ്ചു സെന്‍റ് സ്ഥലം വാങ്ങിയതും.
പുതുപ്പള്ളിയിലുള്ള മദ്യമുക്തി ഭവന നിര്‍മാണത്തിനു കോളജിനു കൈത്താങ്ങ് നല്‍കി. ഭവന നിര്‍മാണത്തിനാവശ്യമായ തുകയില്‍ ഭൂരിപക്ഷവും കണ്ടെത്തിയത് സഹപാഠികളാണ്.
സംഭാവന കൂപ്പണ്‍, സ്ക്രാപ് ചലഞ്ച്, ബോട്ടില്‍ ആര്‍ട്ട് സെയില്‍, പേപ്പര്‍ ബാഗ് വില്‍പ്പന എന്നിവയിലൂടെ കുട്ടികള്‍ തുക കണ്ടെത്തിയത്. അധ്യാപകര്‍, അനധ്യാപകര്‍, കോളജ് മാനേജ്മെന്‍റ് എന്നിവരും ഉദാരമായി സംഭാവനകള്‍ നല്‍കി.
എന്‍എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ. കെ.ആര്‍. അജീഷ്, ഡോ. അമൃത റിനു ഏബ്രഹാം, വോളന്‍റിയര്‍ സെക്രട്ടറിമാരായ എസ്. സംയുക്ത, ശ്രീജിത്ത് റെജി, ബാലമുരളി കൃഷ്ണ, അനഘ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.