
സ്വന്തം ലേഖകൻ
കൊച്ചി: കാക്കനട്ടെ ഫ്ലാറ്റിൽ പുതുവത്സരാഘോഷത്തിന്റെ പേരിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ പിടിയിലായ സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 20 കാരിയായ ഇടുക്കി സ്വദേശിനി മറിയം ബിജുവായിരുന്നു ലഹരി പാർട്ടിയുടെ പിന്നിലെ ബുദ്ധികേന്ദ്രം.
മറിയം ബിജു യുവതികളെയും ചെറുപ്പക്കാരെയും ആകർഷിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും പിന്നീട് വിതരണക്കാരായി മാറ്റുകയുമാണ് പതിവെന്നാണ് പുറത്തുവരുന്ന സൂചനകൾ. മറിയം ബിജുവിന്റെ ഫോണിൽ നിന്നും ലഹരി ഉപയോഗിക്കുന്ന യുവതികളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതികളെ ലഹരി വിതരണക്കാരായി മാറ്റിയിരുന്നത് എന്നാണ് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ പ്രതികൾ മധ്യകേരളത്തിലെയും ഓണാട്ടുകരയിലെയും ലഹരിവിതരണക്കാരെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇടുക്കി തൊടുപുഴ സ്വദേശിനി മറിയം ബിജു(20), കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കരുനാഗപ്പള്ളി സ്വദേശി നജീബ്(40) കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), കോഴിക്കോട് നെന്മണ്ട സ്വദേശി ഷിനോ മെർവിൻ(28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയപ്പോഴാണ് യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായത്. കാക്കനാട് മില്ലുപടി ജങ്ഷനു സമീപമുള്ള ഹോളീ ഫെയ്ത് ലേക്ക് വ്യൂ എന്ന ഫ്ലാറ്റിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷുമടക്കമുള്ളവയുമായി സംഘം പിടിയിലായത്.
പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി സംഘങ്ങൾ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്.
പൊലീസ് എത്തുന്നത് അറിഞ്ഞ് 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേൽക്കുകയായിരുന്നു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു.







