Spread the love

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സൂര്യോദയത്തിനാണ് നാളെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാന്‍ യുഡിഎഫും, ചരിത്രത്തിലാദ്യമായി ഒരു മുന്നണിക്ക് മൂന്നാം തുടര്‍ച്ച നല്‍കി ‘ഹാട്രിക്’ തികയ്ക്കാന്‍ എല്‍ഡിഎഫും അണിനിരക്കുമ്പോള്‍ ഇത് കേവലം ഒരു തിരഞ്ഞെടുപ്പ് ഫലമല്ല; മറിച്ച്‌ ഇരു മുന്നണികളുടെയും നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് ‘ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല’ എന്ന അഗ്‌നിപരീക്ഷയുടെ നാളുകളാണ്.

video
play-sharp-fill

2016-ലും 2021-ലും നേരിട്ട കനത്ത പരാജയങ്ങള്‍ക്ക് ശേഷം ഇത്തവണയും ഭരണത്തിലേക്ക് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് എന്ന സംവിധാനം തന്നെ തകരുമെന്ന ഭീതി രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നു. തുടര്‍ച്ചയായ മൂന്നാം പരാജയം ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കിനും കോണ്‍ഗ്രസിനുള്ളിലെ തീപിടിച്ച ആഭ്യന്തര കലഹങ്ങള്‍ക്കും വഴിമരുന്നിടും. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍ മുന്നേറ്റം നിയമസഭയില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 80 മുതല്‍ 85 സീറ്റുകള്‍ വരെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അനുകൂല തരംഗമുണ്ടായാല്‍ അത് 95 കടക്കുമെന്നും ലീഗ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകളിലാണ് യുഡിഎഫ് പ്രധാനമായും കണ്ണുവെക്കുന്നത്.

മറുഭാഗത്ത്, പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷം മാറും. ബംഗാളും ത്രിപുരയും കൈവിട്ട സാഹചര്യത്തില്‍ സി.പി.എമ്മിന് തങ്ങളുടെ ദേശീയ പ്രസക്തി നിലനിര്‍ത്താന്‍ കേരളത്തിലെ ഭരണം നിലനിര്‍ത്തുക എന്നത് അനിവാര്യമാണ്. 75 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ കോട്ടകള്‍ തകരില്ലെന്നാണ് ഇടതുമുന്നണിയുടെ ഉറച്ച വിശ്വാസം. എന്നാല്‍, ഭരണവിരുദ്ധ വികാരം നിശബ്ദ തരംഗമായി മാറിയിട്ടുണ്ടോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും നിസ്സാരമല്ല. നേമം, പാലക്കാട്, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ അവര്‍ വലിയ അട്ടിമറി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 12.5% വോട്ട് നേടിയ എന്‍ഡിഎ ഇത്തവണ 16 ശതമാനത്തിലേക്ക് ഉയര്‍ന്നാല്‍ അത് ആരുടെ വിജയത്തെയാകും തടയുക എന്നത് നിര്‍ണ്ണായകമാകും. വോട്ട് വിഹിതത്തിലുണ്ടാകുന്ന ചെറിയ വര്‍ദ്ധനവ് പോലും കേരളത്തില്‍ പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിശ്ചയിക്കും. പലയിടത്തും എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ മൂന്നാം സ്ഥാനത്തേക്ക് തള്ളാന്‍ ബിജെപിക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഭരണ വിരുദ്ധ തരംഗമാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ പിണറായി തരംഗം ആഞ്ഞു വീശുമെന്ന് സിപിഎം കരുതുന്നു. മോദി തരംഗം വിജയമൊരുക്കുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം മഞ്ചേശ്വരമല്ല, മറിച്ച്‌ പാര്‍ട്ടിക്കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ യുഡിഎഫ് അണിനിരത്തിയ ‘കണ്ണൂര്‍ സ്‌ക്വാഡ്’ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റവും അടിയൊഴുക്കുകളും ഇടതു കേന്ദ്രങ്ങളില്‍ ചെറിയ തോതില്‍ ആശങ്ക പരത്തുന്നുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും ഉണ്ടായ വോട്ട് ധ്രുവീകരണം ആരെ തുണയ്ക്കുമെന്ന് നാളെ ഉച്ചയോടെ വ്യക്തമാകും.

നാളെ രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതോടെ കേരളം ആരുടെ കൈകളിലെത്തുമെന്ന് അറിയാം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാല്‍ അത് രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കും അസ്ഥിരതയ്ക്കും വഴിതുറക്കും. എന്നാല്‍, കേരളത്തിലെ വോട്ടര്‍മാര്‍ ഒരു വ്യക്തമായ വിധി തന്നെ ബാലറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭരണസാരഥി ആരാകുമെന്ന് കാത്തിരുന്നു തന്നെ കാണാം.