
കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. പരിശോധനയിൽ ഗുരുതരമായ ശുചിത്വ-ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
പരിശോധനയ്ക്കിടെ പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ വൃത്തിയായി സൂക്ഷിച്ചിരുന്നില്ലെന്നും അവ കഴുകുന്നതിനുള്ള ആവശ്യമായ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിക്കാവുന്ന സാഹചര്യത്തിലായിരുന്നു തയ്യാറാക്കിയിരുന്നത്. പാചകസ്ഥലം അതീവ വൃത്തിഹീനമായിരുന്നതോടൊപ്പം ഈച്ചശല്യവും രൂക്ഷമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം വിലക്കുന്ന സിന്തറ്റിക് ഫുഡ് കളർ ഉപയോഗിച്ചതിന്റെ പേരിൽ ഈ സ്ഥാപനത്തിനെതിരെ നേരത്തേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി. മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടും സ്ഥാപനം വീണ്ടും സമാനമായ നിയമലംഘനങ്ങൾ ആവർത്തിച്ചതിനാലാണ് ഇത്തവണ ഹോട്ടൽ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






