സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെൽ പുന:രാരംഭിച്ചു, ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും;സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ വളരെ കുറവാണ് എന്നും ആരോഗ്യ മന്ത്രി;
സ്വന്തം ലേഖക
തിരുവനന്തപുരം : മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്.
വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും.കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജില്ലകള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്