
കൊച്ചി: പുതിയ മാർക്ക് ഏകീകരണ ഫോർമുല നടപ്പാക്കിയതോടെ കേരള സിലബസിലെ വിദ്യാർഥികളും കീം പരീക്ഷയില്‍ മുന്നേറി.
ആദ്യ 100 റാങ്കുകാരുടെ പട്ടികയില്‍ കേരള വിദ്യാർഥികളും സി.ബി.എസ്.ഇക്കാരും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ആദ്യ നൂറില്‍ 48 പേർ സംസ്ഥാന സിലബസില്‍ നിന്ന് ഇടം പിടിച്ചപ്പോള്‍ സി.ബി.എസ്.ഇക്കാർ 47 പേരായി.
കഴിഞ്ഞ വർഷം ആദ്യ 100 ല്‍ 79 സീറ്റും സി.ബി.എസ്.ഇ കുട്ടികളായിരുന്നു. കേരളയില്‍ 21 പേർ മാത്രമായി. ഹയർ സെക്കൻഡറിയിലെ മൂന്ന് വിഷയങ്ങളുടെ മാർക്കും കീമിലെ സ്കോറും ചേർത്തുള്ള ഏകീകരണരീതി വഴി കേരള വിദ്യാർഥികള്‍ക്ക് മാർക്ക് കുറയുന്നുവെന്നായിരുന്നു പരാതി. ഇതുപരിഹരിക്കാൻ ഏത് സിലബസിലായാലും പരീക്ഷയുടെ മൊത്തം മാർക്ക് ചേർത്തുള്ള ഏകീകരണമാണ് നടപ്പാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ കീം പരീക്ഷ എഴുതിയ 96747 പേരില്‍ 79788 പേർക്കാണ് എൻജീനിയറിങ്ങില്‍ യോഗ്യത ലഭിച്ചത്.
ഇതില്‍ 65438 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്. ആദ്യ 5000 റാങ്ക് ലിസ്റ്റില്‍ കേരളയില്‍ നിന്ന് 2721പേരും സി.ബി.എസ്.ഇ യില്‍ 2029 പേരും ഐ.എസ്. സി.ഇ യില്‍ നിന്ന് 181 പേരും മറ്റുള്ളവയില്‍ നിന്ന് 59 പേരുമാണ് ഉള്‍പ്പെട്ടത്.
കീം റാങ്ക് പട്ടികയിലും ബി.ഫാം പട്ടികയിലും ജില്ലകളില്‍ മലപ്പുറമാണ് ഒന്നാമത്. മലപ്പുറത്ത് നിന്ന് 7903 പേർ റാങ്ക് ലിസ്റ്റില്‍ ഉള്പ്പട്ടതില് 111 പേർ ആദ്യ ആയിരം പേരില്‍ ഇടം പിടിച്ചു. 7489 പേരുമായി തിരുവനന്തപുരവും 7232 പേരുമായി എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ബി ഫാം പരീക്ഷയില്‍ 31,141 പേരില്‍ 26,944 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 5,574 പേരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. ആദ്യ ആയിരം റാങ്കുകാരില്‍ 353 പേർ മലപ്പുറത്ത് നിന്ന് ഇടംപിടിച്ചതും അഭിമാന നേട്ടമായി. 4317 പേരുമായി തിരുവനന്തപുരവും 3485 പേരുമായി കൊല്ലം മൂന്നാമതും എത്തി.







