കയ്യേറ്റക്കാർ സൂക്ഷിക്കുക; കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്; മണർകാട് – പട്ടിത്താനം റോഡിലെ കയ്യേറ്റക്കാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ കർശന നടപടി
സ്വന്തം ലേഖകൻ
കോട്ടയം: കയ്യേറ്റക്കാർ സൂക്ഷിക്കുക, ഇവർക്കെതിരെ കർശന നടപടിയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നു. പട്ടി്ത്താനം – മണർകാട് ബൈപ്പാസിൽ റോഡ് കയ്യേറിയവർക്കെതിരെയാണ് കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത് എത്തുന്നത്. ഈ റോഡിൽ തിരുവഞ്ചൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്താണ് വൻ തോതിൽ റോഡ് കയ്യേറിയിരിക്കുന്നത്. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃത കയ്യേറ്റം നടത്തി റോഡിൽ കയറിയിരിക്കുന്ന പെട്ടിക്കടകൾ അടക്കമുള്ളവർ മൂന്നു ദിവസത്തിനകം കടകൾ ഒഴിയണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം ഈ കടകൾ ഒഴിയാൻ തയ്യാറായില്ലെങ്കിൽ ബലം പ്രയോഗിച്ച് തന്നെ ഈ കയ്യേറ്റങ്ങൾ നീക്കം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ നൽകിയ നോട്ടീസിൽ പറയുന്നു.