
കാസർകോടിന്റെ റെയില്‍വേ യാത്ര പ്രശ്നത്തിന് പരിഹാരം കാണാൻ റെയില്‍വേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം. 18 ട്രെയിനുകള്‍ കാസർകോട്ടേക്ക് നീട്ടണമെന്നും സൂപ്പർഫാസ്റ്റുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് ആവശ്യം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർക്ക് നിർദ്ദേശങ്ങള്‍ സമർപ്പിച്ചു.
വടക്കൻ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ദീർഘകാലത്തെ റെയില്‍വേ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് കാസർകോട് ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടല്‍. കണ്ണൂർ, മംഗലാപുരം സെൻട്രല്‍, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സർവീസ് അവസാനിപ്പിക്കുന്ന 18 ട്രെയിനുകള്‍ കാസർകോട്ടേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം. സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകള്‍ക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക, നിർത്തലാക്കിയ പാസഞ്ചർ സർവീസുകള്‍ പുനരാരംഭിക്കുക തുടങ്ങിയവയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർ മധുകർ റാവത്തർക്ക് അയച്ച ഔദ്യോഗിക കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
യാത്രക്കാരുടെ എണ്ണം, കണക്റ്റിവിറ്റി കുറവ്, രാത്രികാല യാത്രാ ബുദ്ധിമുട്ടുകള്‍, തൊഴിലാളികള്‍ക്കും വിദ്യാർത്ഥികള്‍ക്കും രോഗികള്‍ക്കും നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ എന്നിവയെല്ലാം കത്തില്‍ പരാമർശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ചർച്ച ചെയ്യുന്നതിനും റെയില്‍വേ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ജില്ലാ ഭരണകൂടം പൂർണ്ണ സന്നദ്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







