അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുമ്പോൾ പ്രതീക്ഷ പകർന്ന് കർണാടക ഹൈക്കോടതിയുടെ ഇടപെടൽ; വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു, ബുധനാഴ്ച തന്നെ മറുപടി നൽകണമെന്ന് കർശന നിർദേശം
ഷിരൂർ: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിവസവും തുടരുന്നു.
ഈ സാഹചര്യത്തിൽ പ്രതീക്ഷ പകർന്ന് സംഭവത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
നിലവിലെ സ്ഥിതി അറിയിക്കാനാണ് നിർദേശം. ബുധനാഴ്ച തന്നെ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹർജി പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി ഇടപ്പെടൽ തിരച്ചിലിന് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബോറിങ് യന്ത്രം ഉപയോഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയും പുരോഗമിക്കുകയാണ്.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്.
മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.