സഹകരണ മേഖലയിൽ കാപ്കോസ് റൈസ് മില്ലിൻ്റെ നിർമാണം കോട്ടയം കൂടല്ലൂരിൽ പുരോഗമിക്കുന്നു: ചെലവ് 80 കോടി: പ്രവർത്തനക്ഷമമായാൽ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവാകും: മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു

Spread the love

കോട്ടയം: നെല്ലു സംഭരണത്തിൽ കാലാകാലങ്ങളിലായി തുടരുന്ന അനശ്ചിതത്വം ഒഴിവാക്കാനും സ്വകാര്യമില്ലുകളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാപ്കോസ് റൈസ് മില്ലിൻ്റെ നിർമാണം പുരോഗമിക്കുന്നു.

video
play-sharp-fill

മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരെ ചേർത്ത് മെയ് രണ്ടിന് ഉന്നതല യോഗം ചേരാൻ തീരുമാനിച്ചു.
കിടങ്ങൂർ കൂടല്ലൂർ കവലയ്ക്കു സമീപം പത്തേക്കർ സ്ഥലത്താണ് ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നത്.

സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (കാപ്കോസ്) 80 കോടി ചെലവിട്ട് മില്ല് സ്ഥാപിക്കുന്നത്. നൂതനമായ ജർമൻ സാങ്കേതിക വിദ്യയാണ് മില്ലിനായി പ്രയോജനപ്പെടുത്തുന്നത്.
നെല്ല് സംഭരിക്കുന്ന വെയർഹൗസിന് ‌പകരം 3250 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെയർഹൗസുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ധാന്യം സംഭരിക്കാൻ സൈലോകൾ സഹായിക്കും. താപനിലയും ഈർപ്പവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സൈലോകളിൽ ഉണ്ടാകും. ഇത് നെല്ല് കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ സഹായിക്കും.കീടങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാകും. സൈലോകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്ലാൻ്റിൻ്റെ കോൺക്രീറ്റ് ജോലികളും നടന്നു വരുന്നു. മില്ലിൽ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്ക്കരിക്കാൻ സാധിക്കും.

സഹകരണ മന്ത്രിയായി ചുമതലയേറ്റശേഷം വി എൻ വാസവൻ മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിലൊന്നായിരുന്നു സഹകരണ മേഖലയിൽ ആധുനിക റൈസ് മില്ലുകൾ. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വിപണനം ചെയ്യാനാണ് കാപ്കോസ് ലക്ഷ്യമിടുന്നത്. മറ്റ് ജില്ലകളിലും മില്ലുകൾ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

പുതിയ മില്ല് വരുന്നതോടെ നെല്ല് സംഭരണത്തിനും സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിനും ശാശ്വത പരിഹാരമാവും.
കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ, ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡൻ്റ് കെ എൻ വേണുഗോപാൽ, കോട്ടയം അർബൻ ബാങ്ക് ഡയറക്ടർ ഇ എസ് ബിജു, ജില്ല പഞ്ചായത്തംഗം ജിം അലക്സ്, സിപിഐ എം കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.