സംസ്ഥാനത്ത് മറ്റൊരു മന്ത്രിയ്ക്കു കൂടി കൊവിഡ്: തോമസ് ഐസക്കിനു പിന്നാലെ ഇ.പി ജയരാജനും ഭാര്യയ്ക്കും കൊവിഡ്; രണ്ടു പേരും കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു മന്ത്രിയ്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വ്യവസായ മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കുമാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് മന്ത്രി ഇ.പി ജയരാജന് കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് മന്ത്രിയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ദിവസങ്ങളായി കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇരുവരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളവർ കുറവാണ് എന്നാണ് കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾക്കു കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, സംസ്ഥാനത്ത് തുടർച്ചയായി മന്ത്രിമാർക്കു കൊവിഡ് ബാധിച്ചത് ആശങ്കയക്കു ഇടയാക്കിയിട്ടുണ്ട്. കൂടുതൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.