നാട്ടുകാരെ പറ്റിച്ച തട്ടിപ്പു കമ്പനി മുതലാളി ആകത്തായി: വീട്ടിലെ നായ്ക്കൾ പട്ടിണിയിലായി; ഓമന നായ്ക്കൾക്കു ഭക്ഷണം എത്തിച്ചു നൽകി പൊലീസ്

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: കാക്കിയ്ക്കുള്ളിൽ പൊലീസെങ്കിൽ.. ഈ മുദ്രാവാക്യം കേട്ടു മടുത്തവരാണ് മലയാളികൾ. എന്നാൽ, പത്തനംതിട്ടയിൽ കാക്കിയ്ക്കുള്ളിൽ പൊലീസുകാർ മാത്രമല്ല നല്ല ശുദ്ധഹൃദയമുള്ള മനുഷ്യരുമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം പൊലീസുകാർ.

ഉടമ ജയിലിൽ ആയതോടെ പട്ടിണിയിലായ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങളുടെ ഉടമയുടെ നായ്ക്കൾക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചു നൽകിയത്. തട്ടിപ്പ് കേസിൽ കുടുംബാംഗങ്ങൾ എല്ലാവരും ജയിലിൽ ആകുകയും, ഒളിവിൽ പോകുകയും ചെയ്തപ്പോൾ മുതൽ നായ്ക്കൾ പട്ടിണിയിലായിരുന്നു.

പട്ടിണികിടന്ന് എല്ലും തോലുമായി മൃതപ്രായരായ നായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഒടുവിൽ കേരള പൊലീസ് തന്നെ രംഗത്ത് എത്തുകയായിരുന്നു. തുടർന്നാണ് നായ്ക്കൾക്കു പൊലീസ് ഭക്ഷണം എത്തിച്ചു നൽകിയത്. ലക്ഷങ്ങൾ വില വരുന്ന രാജപാളയം ഇനത്തിൽപ്പെട്ട് നായ്ക്കളെയാണ് ഇവർ വീട്ടിൽ വളർത്തിയിരുന്നത്.

തട്ടിപ്പു കേസിൽ പോപ്പുലർ ഫിനാൻസ് ഉടമകൾ ഒരാഴ്ചയോളം ഒളിവിൽ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു നായ്ക്കൾ രണ്ടാഴ്ചയിലേറെയായി പട്ടിണിയിലാകുകയായിരുന്നു. തുടർന്നു, നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് നായ്ക്കൾ പട്ടിണിയിലാണ് എന്നു കണ്ടെത്തിയത്. തുടർന്നു, ഇവയ്ക്കു ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു.