ചവറ കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടന്നു വയ്ക്കണം; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നീട്ടി വയ്ക്കണം; സർവകക്ഷിയോഗത്തിന്റെ തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ചവറ കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അനന്തമായി നീട്ടാതെ മാറ്റി വയ്ക്കണമെന്നും സർവകക്ഷിയോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സംസ്ഥാനത്തെ രാഷ്ട്രീയ പാർട്്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്.

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, മൂന്നു മാസത്തേയ്ക്കു വേണ്ടി ഇത്തരത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നത് അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന നിലപാടാണ് സർവകക്ഷിയോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്വീകരിച്ചത്.

ചവറയിൽ നിന്നും കുട്ടനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കു മൂന്നു പൂർണ മാസങ്ങൾ മാത്രമാണ് ലഭിക്കുക. ഇവർക്കു കാര്യമായ സമയം പ്രവർത്തനങ്ങൾക്കായി ലഭിക്കില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ തിരഞ്ഞെടുപ്പിനായി പണം ചിലവഴിക്കുന്നത് അമിത ചിലവാകുമെന്നാണ് സർവകക്ഷിയോഗത്തിൽ രാഷ്ട്രീയ കക്ഷികൾ നിലപാട് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാതെ തല്ക്കാലത്തേയ്ക്കു മാറ്റി വയ്ക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതുന്നതിനും തീരുമാനമായിട്ടുണ്ട്.

സർവകക്ഷിയോഗത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം ഒരേ നിലപാട് സ്വീകരിച്ചപ്പോൾ വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. ഭരണപരാജയത്തെ തുടർന്നാണ് ഇടതു മുന്നണിയിലെ കക്ഷികൾ കൊവിഡിന്റെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ തയ്യാറെടുക്കുന്നതെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്. ദുർബലമായ പ്രതിപക്ഷവും തിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ് എന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കുറ്റപ്പെടുത്തി.