video
play-sharp-fill
ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്, അത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചത് ; തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്

ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്, അത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചത് ; തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ പിതാവ് രംഗത്ത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് മരിച്ചത്.

തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നതിനിടെയിലാണ് മരണം സംഭവിച്ചത്. ‘ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്. ഇത് പൊലീസ് മർദനത്തിൽ സംഭവിച്ചതാണ്, മർദനമാണ് മരണകാരണം’ ഷെഫീക്കിന്റെ പിതാവ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകിട്ടോടെ അബോധാവസ്ഥയിലാണ് കോട്ടയം മെഡിക്കൽ കോളജിൽ ഷെഫീക്കിനെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാൻ കാരണമായി കരുതുന്നതായി ന്യൂറോ സർജൻ ഡോ. പി.കെ.ബാലകൃഷ്ണൻ പറഞ്ഞു.

എന്നാൽ തലയിലെ ഞരമ്പ് പൊട്ടിയതല്ലെന്നും അതേസമയം വീഴ്ച മൂലമോ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതോ ആകാം ക്ഷതമേറ്റതിന് കാരണമെന്നും ഡോക്ടർ പറയുന്നു. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്ത കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഷെഫീക്കിനെ കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്‌കൂൾ ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചു. അപസ്മാരബാധയെത്തുടർന്നു ചൊവ്വാഴ്ച കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം അറസ്റ്റ് ചെയ്ത 11നു വൈകിട്ടു തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതാണെന്ന് ഉദയംപേരൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.ബാലൻ പറഞ്ഞു. ഷെഫീഖിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നു പോസ്റ്റ്‌മോർട്ടം നടക്കും. ഭാര്യ: സെറീന. മക്കൾ: സയന, സന.