തന്റെ രാഷ്ട്രീയഭാവി കളയാതെ പ്രാക്ടിക്കൽ പൊളിറ്റിക്‌സ് കളിച്ച് കെ.മുരളീധരൻ; ചാരക്കേസിൽ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൺമറഞ്ഞു പോയ അച്ഛനു വേണ്ടി ജീവിച്ചിരിക്കുന്ന താൻ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്ടിക്കൽ പൊളിറ്റിക്സിന്റെ വഴിയിൽ കെ. മുരളീധരൻ. ചാരക്കേസിൽ കെ. കരുണാകരനെ ചതിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹറാവു ആണെന്ന് പറഞ്ഞ് തന്ത്രപൂർവ്വമായ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത്.
കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂർണമായി വിധേയത്വം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയിൽ, ബാബറി മസ്ജിദ് തകർന്നത് ജനങ്ങളുടെ മനസ്സിൽ മുറിവുണ്ടാക്കി എന്ന കരുണാകരന്റെ പരാമർശമാണ് നരസിംഹറാവുവിന് തന്റെ അച്ഛനോട് അകൽച്ചയുണ്ടാക്കിയതെന്നാണ് മുരളീധരന്റെ വാദം. കരുണാകരന് കേന്ദ്രത്തിൽ ഉചിതമായ സ്ഥാനം നൽകാമെന്നു പറഞ്ഞ് രാജിവയ്പ്പിച്ച ചതിക്കുപിന്നിൽ റാവു മാത്രമാണെന്നതാണ് മുരളിയുടെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുണാകരന്റെ രാജിക്ക് പിന്നിലെ തനിക്കറിയാവുന്ന ചതി നരസിംഹറാവുവിന്റേതു മാത്രമാണ് എന്നാണ് മുരളീധരന്റെ വെളിപ്പെടുത്തൽ. നരസിംഹറാവു എന്നെ ചതിച്ചു എന്നുമാത്രമാണ് കെ. കരുണാകരൻ തന്നോടു പറഞ്ഞിട്ടുള്ളതെന്നും അതിനപ്പുറം ഈ കേസിൽ തനിക്കൊന്നുമറിയില്ലെന്നും ചാരക്കേസുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണത്തിനുമില്ലെന്നുമാണ് മുരളീധരന്റെ നിലപാട്.
കരുണാകരനെ ചതിച്ച ഉമ്മൻചാണ്ടിയാണ് മുരളീധരന്റെ ഇന്നത്തെ പിടിവള്ളിയെന്നത് വിരോധാഭാസം. രമേശ് ചെന്നിത്തലയുമായി പൊരുത്തപ്പെടാനാവാത്ത മുരളീധരന് ഇനി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ഉമ്മൻചാണ്ടി തന്നെ കനിയണം.