
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ഈ വർഷം ഇതുവരെ ഷിഗെല്ല ബാധിച്ച് അഞ്ച് പേർ മരിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെ 146 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 70 കേസുകളും ഈ മാസം മാത്രമാണ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികളുടെ വർധനവിന് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റതും തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതും ശുചീകരണ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. രോഗനിർണയ പരിശോധനകൾ വ്യാപകമാക്കിയതായും പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി നിയന്ത്രണം ശക്തമാക്കുന്നതിനായി സംസ്ഥാനതല ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡോ. എസ്.എസ്. ലാലിനെ കമ്മിറ്റി ചെയർമാനായും ഡോ. ശർമിള മേരി ജോസഫിനെ കോ-ഓർഡിനേറ്ററായും നിയമിച്ചു. ജില്ലാതല ആക്ഷൻ കമ്മിറ്റികളും ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റുകളും ആരംഭിക്കുമെന്നും എല്ലാ സീസണുകളിലുമുള്ള രോഗഭീഷണികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







