
ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ രീതിയില്‍ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകള്‍ഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവില്‍ ഉയർന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവർ ശബരിമലയില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേല്‍ക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം, ശ്രീകോവിലിന് മുകളില്‍ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നത്. എങ്കിലും സ്വർണ്ണപാളികള്‍ക്ക് മുകളില്‍ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താൻ അധികൃതർ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്വർണ്ണ ശ്രീകോവിലില്‍ ഇത്തരമൊരു വ്യത്യാസം കണ്ടത് അധികൃതർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്‌ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലില്‍ നിറവ്യത്യാസം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണപ്പാളിയില്‍ പിഎസ് പ്രശാന്തിന് എസ്‌ഐടി നോട്ടീസ്
ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്‌ഐടി നോട്ടീസ് അയച്ചു. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.
ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാര്‍ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെയാണ് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്‌ഐടി ഇന്ന് ശബരിമലയിലെത്തിയത്. പ്രഭാമണ്ഡലത്തില്‍ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.







