
തൃശൂര്‍: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിച്ച ബസ് ഉടമകള്‍, സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവര്‍മാരെ ബസ് ഉടമകള്‍ നിയമിക്കാമെന്നും കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കാമെന്നും അവര്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിക്ക് നല്‍കുന്നതിന് സമാനമായി സ്വകാര്യ ബസുകള്‍ക്കും ധനസഹായം നല്‍കണമെന്നും ഒരു ബസിന് നിശ്ചിത തുകയോ കിലോമീറ്ററിന് 55 രൂപയോ അനുവദിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. യാത്രാ വരുമാനം സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്നും മറ്റ് ചെലവുകള്‍ ബസ് ഉടമകള്‍ വഹിക്കാമെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ സ്വകാര്യ ബസുകളിലും വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നും അല്ലാത്തപക്ഷം ഡീസല്‍ പകുതി വിലയ്ക്ക് നല്‍കുകയോ റോഡ് ടാക്‌സ് ഒഴിവാക്കുകയോ വേണമെന്നും ആവശ്യപ്പെട്ടു.
ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് വിഷയങ്ങള്‍ അവതരിപ്പിക്കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ മുതല്‍ സമരത്തിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്‌ആര്‍ടിസിയിലെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുമെന്നും ഉടമകള്‍ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







